surgical strike-manohar parikkar

Manohar Parrikar

മുംബൈ: പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളില്‍ ഇന്ത്യന്‍ ദൗത്യ സേന നടത്തിയ മിന്നലാക്രമണത്തിന്റെ മുഴുവന്‍ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍.

മിന്നലാക്രമണം നടത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിലും പദ്ധതിയിടുന്നതിലും പ്രധാനമന്ത്രിക്ക് പങ്കുണ്ട്. സഹായിയുടെ പങ്ക് മാത്രമാണ് താന്‍ വഹിച്ചതെന്നും പരീക്കര്‍ പറഞ്ഞു.

പ്രത്യാക്രമണം നടത്തിയത് ഇന്ത്യന്‍ സൈന്യമായതിനാല്‍ ക്രെഡിറ്റ് പങ്കിടാന്‍ തനിക്ക് മടിയില്ലെന്നും മനോഹര്‍ പരീക്കര്‍ അറിയിച്ചു. പ്രത്യാക്രമണത്തെ സംശയിച്ചവരുമായും ക്രെഡിറ്റ് പങ്കിടുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് പരീക്കര്‍ കൂട്ടിചേര്‍ത്തു.

സൈനിക പ്രത്യാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്ന് രാഹുല്‍ ഗാന്ധി, അരവിന്ദ് കേജ്രിവാള്‍ അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു.

ഇന്ത്യ ഒട്ടും ദുര്‍ബലമായ രാഷ്ട്രമല്ലെന്ന് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ മോദി തെളിയിച്ചെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

മിന്നാലാക്രമണം നടത്തിയത് സേനയുടെ ധീരതയാണെങ്കില്‍ അത് നടപ്പാക്കാന്‍ പ്രധാനമന്ത്രിയെടുത്ത രാഷ്ട്രീയ തീരുമാനമാണ് പ്രശംസനീയമെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായും പറഞ്ഞിരുന്നു.

Top