‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’: പുതിയ EVM വാങ്ങാന്‍ 15 കൊല്ലത്തിലൊരിക്കല്‍ വേണ്ടിവരിക 10,000 കോടി

ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുകയാണെങ്കില്‍ ഓരോ പതിനഞ്ചുവര്‍ഷം കൂടുമ്പോഴും പുതിയ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ (ഇ.വി.എം.) വാങ്ങാന്‍ തിരഞ്ഞെടുപ്പു കമ്മിഷന് വേണ്ടിവരിക 10,000 കോടിരൂപയെന്ന് റിപ്പോര്‍ട്ട്. ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം അയച്ച ചോദ്യാവലിയ്ക്കുള്ള മറുപടിയിലാണ് തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

15 വര്‍ഷമാണ് ഇ.വി.എമ്മുകളുടെ ആയുര്‍ദൈര്‍ഘ്യം. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നത് നടപ്പിലാകുകയാണെങ്കില്‍ തുടര്‍ച്ചയായ മൂന്ന് തിരഞ്ഞെടുപ്പുകള്‍ക്കേ ഒരു സെറ്റ് ഇ.വി.എം. ഉപയോഗിക്കാനാകൂ. തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് നടത്തുന്നതെങ്കില്‍ വോട്ടെടുപ്പിന് രണ്ട് സെറ്റ് ഇ.വി.എം. യന്ത്രങ്ങള്‍ വേണ്ടിവരും. ഒന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിനും മറ്റൊന്നും നിയമസഭാ തിരഞ്ഞെടുപ്പിനും.

കേടായ യൂണിറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായ നിശ്ചിത ശതമാനം കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റ് യൂണിറ്റ്, വിവിപാറ്റ് തുടങ്ങിയവ റിസര്‍വായി വേണ്ടിവരുമെന്നും മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഒരു ഇ.വി.എം. യന്ത്രത്തിന് കുറഞ്ഞത് ഒരു ബി.യു. (ബാലറ്റ് യൂണിറ്റ്), ഒരു സി.യു.(കണ്‍ട്രോള്‍ യൂണിറ്റ്) , ഒരു വി.വി.പാറ്റ് മെഷീനുകള്‍ വേണ്ടിവരും.

യന്ത്രങ്ങള്‍ക്ക് വേണ്ടിവരുന്ന ചിലവുകള്‍ക്ക് പുറമെ സുരക്ഷാ ഉദ്യോഗസ്ഥര്‍, വാഹനങ്ങള്‍ തുടങ്ങിയവയും ആവശ്യമായി വരുമന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ ഇ.വി.എമ്മുകള്‍ നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍, 2029-ല്‍ മാത്രമേ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനാകൂവെന്നും കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏകദേശ കണക്ക് അനുസരിച്ച് രാജ്യത്ത് ഈ വര്‍ഷം നടക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിനുവേണ്ടി 11.8 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ആവശ്യമായി വരിക.

Top