10000-Crore Mistake? Auditor Fails Navy’s Main Fighter Jet, MiG-29

ന്യൂഡല്‍ഹി: നാവികസേനയുടെ മുന്‍നിര യുദ്ധവിമാനമായ മിഗ് 29 വാങ്ങാനായി ചിലവഴിച്ച 10,000 കോടിയോളം രൂപ പാഴായെന്ന് സി.എ.ജി റിപ്പോര്‍ട്ട്. 2004-2010 കാലത്ത് 45 മിഗ് 29 കെ വിമാനങ്ങള്‍ വാങ്ങിയ നടപടിക്കെതിരേയാണ് സിഎജി രംഗത്ത് വന്നിരിക്കുന്നത്.

മിഗ് വിമാനങ്ങള്‍ക്ക് സാങ്കേതിക തകരാറുകള്‍ കൂടുതലാണെന്നും 50 ശതമാനത്തില്‍ താഴെയാണ് വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെന്നും പാര്‍ലമെന്റില്‍ വച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

10,500 കോടിരൂപയ്ക്കാണ് റഷ്യയില്‍ നിന്ന് 45 മിഗ് 29 കെ വിവിധോദ്ദേശ യുദ്ധവിമാനങ്ങള്‍ ഇന്ത്യ വാങ്ങിയത്. നിലവില്‍ ഉപയോഗിക്കുന്ന വിമാനവാഹിനിക്കപ്പലായ വിക്രമാദിത്യയിലാണ് ഇവ വിന്യസിച്ചിരിക്കുന്നത്.

വിമാനങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയ 2010 ന് ശേഷം ഇവയില്‍ പകുതിയോളം വിമാനങ്ങളിലും എഞ്ചിന്‍ തകരാര്‍ കണ്ടെത്തിയതായി സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരട്ട എഞ്ചിന്‍ യുദ്ധവിമാനമാണങ്കിലും നിര്‍മാണ പിഴവ് കാരണം ലാന്‍ഡ് ചെയ്യുമ്പോള്‍ ഒരു എഞ്ചിന്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

മാത്രമല്ല വിമാനവാഹിനിക്കപ്പലായ വിക്രമാദിത്യയില്‍ ഇവ ലാന്‍ഡ് ചെയ്യുന്നതിലും പ്രശ്‌നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിമാനത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയ ഘട്ടത്തിലാണ് തകരാറുകള്‍ ഉണ്ടായതെന്നും നാവികസേനയിലെ പൈലറ്റുകളുടെ പരിശീലനത്തെ തകരാറുകള്‍ ബാധിക്കുമെന്നും സി.എ.ജി റിപ്പോര്‍ട്ട് പറയുന്നു. അതേസമയം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകള്‍ പരിഹരിക്കാന്‍ ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്ന് നാവികസേന വൃത്തങ്ങള്‍ പറഞ്ഞു.

Top