കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കാന്‍ ഒന്നാംഘട്ടത്തില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ 1000 കോടി

road

തിരുവനന്തപുരം : കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് 1000 കോടി രൂപ നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം.

ശബരിമല മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിലേക്കുളള റോഡുകള്‍ നന്നാക്കുന്നതിന് 200 കോടി രൂപയും അനുവദിച്ചു. കഴിഞ്ഞ രണ്ട് മാസത്തെ കനത്ത മഴയില്‍ തകര്‍ന്നത് 8420 റോഡുകളാണ്.

ഗോവന്‍ മാതൃകയില്‍ 5 നദികളില്‍ ബന്ധാരകള്‍ നിര്‍മ്മിക്കുന്നതിനും അംഗീകാരമായി. കാസര്‍കോട്, വയനാട്, പാലക്കാട്, പത്തനംതിട്ട എന്നീ ജില്ലകളിലെ 5 നദികളില്‍ ജലസംഭരണത്തിനായാണ് ഇവ നിര്‍മ്മിക്കുക.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രാജ്യത്തിനകത്തും പുറത്തുമുളളവര്‍ക്ക് ഓണ്‍ലൈനായി പണമടക്കാനുളള സംവിധാനവും ഏര്‍പ്പെടുത്തി.

https://donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന സുരക്ഷിതമായി ക്രഡിറ്റ് / ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചോ നെറ്റ് ബാങ്കിംഗ് സംവിധാനം വഴിയോ പണമടക്കാന്‍ പേമെന്റ് ഗേറ്റ് വേ സജ്ജമാക്കിയിട്ടുണ്ട്.

പണമടക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കുന്ന രശീത് ഓണ്‍ലൈനില്‍ തല്‍സമയം ലഭ്യമാകും.

അതേസമയം, മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 39 പേരാണ് മരിച്ചത്. അഞ്ച് പേരെ കാണാതായി. സര്‍ക്കാര്‍. ഒരുലക്ഷത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുകയാണ്. 243 വീടുകള്‍ നാമാവശേഷമായി, 4392 വീടുകള്‍ ഭാഗികമായി തകര്‍ന്നു. 8316 കോടിയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്.

Top