യുഎസിൽ സോഷ്യല്‍ മീഡിയകള്‍ക്കെതിരെ കേസുമായി 100 സ്കൂളുകള്‍

ന്യൂയോര്‍ക്ക്: സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ കേസുമായി സ്കൂളുകള്‍. യുഎസിലാണ് ഈ അപൂര്‍വ്വമായ സംഭവം നടന്നത്. സോഷ്യല്‍ മീഡിയ ആപ്പുകളില്‍ അടിമയായി പോകുന്ന കുട്ടികളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നു, അവര്‍ക്ക് വിഷാദം പോലുള്ള മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നു എന്നിങ്ങനെ ആരോപണങ്ങളാണ് സ്കൂളുകള്‍ നിരത്തുന്നത്.

ഗൂഗിള്‍ മാതൃകമ്പനി ആല്‍ഫബെറ്റ്, സ്നാപ് ചാറ്റ്, ടിക്ടോക് ഉടമകളായ ബൈറ്റ് ഡാന്‍സ് എന്നിവയ്ക്കെതിരെയാണ് കേസ് നല്‍കിയിരിക്കുന്നത്. സിയാറ്റിൽ സിറ്റി സ്കൂൾ ഡിസ്ട്രിക്റ്റില്‍ പെടുന്ന 100 സ്കൂളുകളാണ് കേസ് നല്‍കിയിരിക്കുന്നത്. ഏതാണ്ട് 50,000 കുട്ടികളാണ് ഈ സ്കൂളുകളില്‍ പഠിക്കുന്നത്.

ഇത്തരത്തില്‍ യുഎസില്‍ ഫയല്‍ ചെയ്യപ്പെടുന്ന ആദ്യത്തെ കേസാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം പല കുടുംബങ്ങളും ആത്മഹത്യ പ്രേരണയുടെ പേരില്‍ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയകള്‍ക്കെതിരെ യുഎസില്‍ കേസുമായി രംഗത്ത് എത്തിയിരുന്നു.

വെള്ളിയാഴ്ച ഫയല്‍ ചെയ്ത ലീഗല്‍ സ്യൂട്ടില്‍ സിയാറ്റിൽ സ്കൂൾ ഡിസ്ട്രിക്ട് നമ്പർ 1 സോഷ്യല്‍ മീഡിയ കമ്പനികൾ ഒരു പൊതു ശല്യം സൃഷ്ടിക്കുന്നുവെന്നും. സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമായി ആ കമ്പനികളില്‍ നിന്ന് തന്നെ നഷ്ടപരിഹാരം നല്‍കാനും വിധിയുണ്ടാകണമെന്നാണ് പറയുന്നത്.

സോഷ്യല്‍ മീഡിയ പ്രതിസ്ഥാനത്ത് വരുന്ന ആത്മഹത്യകളിലും, മാനസികാരോഗ്യ പ്രശ്നങ്ങളിലും നാടകീയമായ വർധനയുണ്ടായതായി സിയാറ്റിൽ സ്കൂൾ ഡിസ്ട്രിക്ട് ഹര്‍ജിയില്‍ ആരോപിക്കുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ 2022 ലെ സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗം ഹര്‍ജിയില്‍ ഉദ്ധരിക്കുന്നുണ്ട്. തങ്ങളുടെ ലാഭത്തിനായി കുട്ടികളില്‍ പരീക്ഷണം നടത്തുന്ന രീതിയിലാണ് സോഷ്യല്‍ മീഡികളുടെ പ്രവര്‍ത്തനം അതിന് ഇത്തരം കമ്പനികളെ ഉത്തരവാദിത്വമുള്ളവരാക്കണം എന്ന് ഹര്‍ജിയില്‍ പറയുന്നു.

Top