ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ബീഹാറില്‍ നൂറോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

food-poison

ബീഹാര്‍: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ബീഹാറില്‍ നൂറോളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ബീഹാറിലെ ലാക്കിസറായ് ജില്ലയില്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജവഹര്‍ നവോദയ വിദ്യാലയ റെസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. വ്യാഴാഴ്ച രാത്രി കുട്ടികള്‍ കഴിച്ച ഹോസ്റ്റല്‍ ഭക്ഷണത്തിലൂടെയാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

രാത്രി ഭക്ഷണം കഴിഞ്ഞതിന് ശേഷം കുട്ടികളില്‍ വയറു വേദന , വയറിളക്കം, ഛര്‍ദി തുടങ്ങിയ രോഗങ്ങള്‍ പ്രകടമാവുകയായിരുന്നു. തുടര്‍ന്ന് ഇവരെ ഗവണ്‍മെന്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതില്‍ പത്ത് കുട്ടികളുടെ അവസ്ഥ മോശമാണെന്ന് ജില്ലാ ജഡ്ജി എസ് കെ ചൗധരി പറഞ്ഞു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ ആശുപത്രികളില്‍ എത്തിയിട്ടുണ്ട്. സ്‌കൂളില്‍ വിളമ്പുന്നത് മോശം ഭക്ഷണമാണെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ചൗധരി അറിയിച്ചു.

Top