കോട്ടയം മെഡിക്കല്‍ കോളേജിലെ വനിതാ ഡോക്ടര്‍ അടക്കം നൂറുപേര്‍ക്ക് ഇന്ന് ജില്ലയില്‍ കൊവിഡ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറടക്കം ജില്ലയില്‍ ഇന്ന് നൂറുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 90 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നു വന്ന നാലു പേരും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വന്ന നാലു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

കോട്ടയം മുനിസിപ്പാലിറ്റിയില്‍ 19 പേര്‍ക്കും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ 18 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. വിജയപുരം-7, അതിരമ്പുഴ-6, മറവന്തുരുത്ത്, കാഞ്ഞിരപ്പള്ളി, പാറത്തോട് -4 വീതം, ആര്‍പ്പൂക്കര, തലയാഴം, തൃക്കൊടിത്താനം- 3 വീതം എന്നിവയാണ് സമ്പര്‍ക്കം മുഖേന രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത മറ്റു സ്ഥലങ്ങള്‍.

ജില്ലയില്‍ 61 പേര്‍ രോഗമുക്തരായി. നിലവില്‍ 623 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. ഇതുവരെ 2084 പേര്‍ക്ക് രോഗം ബാധിച്ചു. 1458 പേര്‍ രോഗമുക്തരായി. വിദേശത്തുനിന്ന് വന്ന 138 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 117 പേരും രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 32 പേരും ഉള്‍പ്പെടെ 287 പേര്‍ പുതിയതായി ക്വാറന്റീനില്‍ പ്രവേശിച്ചു.

Top