16 വര്‍ഷം മുന്‍പ് 100 കോടി ക്ലബ്ബില്‍; രജനി ചിത്രം ശിവാജി വീണ്ടും തിയേറ്ററുകളിലേക്ക്

ഴയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ റീ റിലീസ് ചെയുന്നത് ഒരു പുതിയ വാണിജ്യ സാധ്യതയാണ്. രജനികാന്തിന്റെ ബാഷ, മോഹന്‍ലാലിന്റെ സ്ഫടികം എന്നിവയൊക്കെ റീ റിലീസ് ചെയ്തവയാണ്. നായക താരങ്ങളുടെ പിറന്നാളിനോടനുബന്ധിച്ചും മറ്റും ലിമിറ്റഡ് റീ റിലീസ് ലഭിക്കുന്ന ചിത്രങ്ങളുമുണ്ട്. ഇപ്പോഴിതാ മറ്റൊരു രജനികാന്ത് ചിത്രത്തിനും അത്തരത്തില്‍ റീ റിലീസിന്  തയാറെടുക്കുകയാണ്. വൈഡ് റിലീസ് അല്ല, ലിമിറ്റഡ് റിലീസിനാണ്‌ ചിത്രം ഒരുങ്ങുന്നത്.

2007 ല്‍ ശങ്കറിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനായെത്തിയ ശിവാജി: ദി ബോസ് ആണ് റീ റിലീസിന് ഒരുങ്ങുന്നത്. എന്നാല്‍ തമിഴ്‌നാട്ടിലല്ല ചിത്രത്തിന് റീ റിലീസ് ലഭിക്കുന്നത്. മറിച്ച് ആന്ധ്ര പ്രദേശിലും തെലുങ്കാനയിലുമാണ്. രജനികാന്തിന്റെ പിറന്നാളിനോടനുബന്ധിച്ച് ഒരാഴ്ചത്തെ പ്രദര്‍ശനമാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ ഉണ്ടാവുക. ഡിസംബര്‍ 12 നാണ് രജനിയുടെ പിറന്നാള്‍. ഡിസംബര്‍ 9 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. നിര്‍മ്മാതാക്കളായ എവിഎം പ്രൊഡക്ഷന്‍സ് തന്നെയാണ് ഇക്കാര്യം സിനിമാപ്രേമികളെ അറിയിച്ചിരിക്കുന്നത്.

രജനികാന്ത് നായകനായ ചിത്രത്തില്‍ ശ്രിയ ശരണ്‍ ആയിരുന്നു നായിക. വിവേക്, സുമന്‍, രഘുവരന്‍, മണിവണ്ണന്‍, കൊച്ചിന്‍ ഹനീഫ, രവികുമാര്‍, എം എസ് ഭാസ്‌കര്‍, ലിവിങ്സ്റ്റണ്‍ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍. സുജാതയും ശങ്കറും ചേര്‍ന്നെഴുതിയ കഥയ്ക്ക് തിരക്കഥ ശങ്കറും സംഭാഷണം സുജാതയുമൊണ് ഒരുക്കിയത്. ഛായാഗ്രഹണം കെ വി ആനന്ദും സംഗീതം എ ആര്‍ റഹ്‌മാനും നിര്‍വ്വഹിച്ചു. ആന്റണി ഗോണ്‍സാല്‍വസ് ആയിരുന്നു എഡിറ്റര്‍. 2007 ജൂണ്‍ 15 നായിരുന്നു റിലീസ്. ഏതാനും വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്റെ 3 ഡി പതിപ്പും റിലീസ് ചെയ്തിരുന്നു.

Top