ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി 100 മത്സരങ്ങള്‍; പുതിയ റെക്കോഡ് സ്ഥാപിച്ച് നഥാന്‍ ലിയോണ്‍

 

ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി 100 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ബൗളര്‍ എന്ന പുതിയ റെക്കോഡ് സ്ഥാപിച്ച് ഓസ്ട്രേലിയന്‍ സ്പിന്നര്‍ നഥാന്‍ ലിയോണ്‍. ആഷസ് പരമ്പരയിലെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലിറങ്ങിയതോടെ ലിയോണ്‍ റെക്കോഡ് പുസ്തകത്തിലിടം നേടി.

തുടര്‍ച്ചയായി 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ചരിത്രത്തിലെ ആറാമത്തെ മാത്രം താരമാണ് ലിയോണ്‍. അലിസ്റ്റര്‍ കുക്ക് (159), അലന്‍ ബോര്‍ഡര്‍ (153), മാര്‍ക്ക് വോ (107), സുനില്‍ ഗാവസ്‌കര്‍ (106), ബ്രെണ്ടന്‍ മക്കല്ലം (101) എന്നിവരാണ് ഈ നേട്ടം മുന്‍പ് സ്വന്തമാക്കിയവര്‍. ഇവരെല്ലാവരും ബാറ്റര്‍മാരാണ്.

35 കാരനായ ലിയോണ്‍ 2011 സെപ്റ്റംബര്‍ മൂന്നിനാണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. ശ്രീലങ്കയായിരുന്നു എതിരാളികള്‍. ഇതുവരെ ഓസീസിനായി 121 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ലിയോണ്‍ 495 വിക്കറ്റുകളാണ് വീഴ്ത്തിയിരിക്കുന്നത്. അഞ്ച് വിക്കറ്റ് കൂടി നേടിയാല്‍ ലിയോണിന് 500 വിക്കറ്റ് ക്ലബ്ബിലിടം നേടാം.

 

Top