100 ജി ബി റാമുമായി നെക്‌സ്ബിറ്റിന്റെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക്

നെക്സ്റ്റ്ബിറ്റ് കമ്പനിയുടെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ ‘റോബിന്‍’ 100 ജിബി സ്റ്റോറേജുമായി വിപണിയിലേക്ക്. ഉയര്‍ന്ന സ്റ്റോറേജ് വാഗ്ദാനത്തിനോപ്പം മികച്ചതും വ്യത്യസ്തവുമായ ബോഡി ഡിസൈനിംഗ് ആണ് നെക്സ്റ്റ്ബിറ്റ് റോബിന്‍ ആന്‍ഡ്രോയിഡ് ഫോണിന്റെ മറ്റൊരു സവിശേഷത.

100 ജിബി ക്ലൗഡ് ഓണ്‍ലൈന്‍ സ്റ്റോറേജിനോപ്പം 32 ജിബി ഓഫ് ലൈന്‍ സംഭരണശേഷിയും ഫോണ്‍ നല്‍കുന്നുണ്ട്. 13 മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 5 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ എന്നിവയ്‌ക്കൊപ്പമാണ് റോബിന്‍ മൊബൈല്‍ഫോട്ടോഗ്രഫര്‍മാരെ കയ്യിലെടുക്കാനെത്തുന്നത്.

ഫോണിനു മുന്നില്‍ വൃത്താകൃതിയിലുള്ള ഇരട്ട സ്പീക്കറുകള്‍ ഫോണിന്റെ രൂപകല്‍പ്പന കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

ആദ്യ ക്ലൗഡ് അധിഷ്ഠിത സ്മാര്‍ട്ട്‌ഫോണ്‍ രൂപകല്‍പ്പനയുമായാണ് നെക്സ്റ്റ്ബിറ്റ് എത്തുന്നത്. ഹാന്‍ഡ്‌സെറ്റിന്റെ ഇന്റേണല്‍ മെമ്മറി മിക്കവാറും നിറയുന്ന അവസ്ഥയില്‍ ആവശ്യാനുസരണം മെമ്മറി സ്വതന്ത്രമാക്കാന്‍ പതിവായി ഉപയോഗിക്കുന്ന അപ്ലിക്കേഷനുകളും ഫോട്ടോകളും ക്ലൗഡിലേക്ക് മാറ്റാന്‍ കഴിയും.

കോണിംഗ് ഗൊറില്ല ഗ്ലാസ് 4 സംരക്ഷണമേകുന്ന 1920 x 1080 പിക്‌സല്‍ റെസലൂഷന്‍ സ്‌ക്രീനിന് 5.2 ഇഞ്ച് വലിപ്പമാണുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 808 പ്രൊസസര്‍ കരുത്തേകുന്ന ഫോണിന് 3 ജിബി റാമുണ്ട്. ഒരു വിരലടയാള സ്‌കാനര്‍ ഉള്‍പ്പടെ എത്തുന്ന ഫോണ്‍ പുതിയ ആന്‍ഡ്രോയിഡ് 6.0 മാഷ്മല്ലോ പതിപ്പ് അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.

എന്‍എഫ്‌സി, ബ്ലൂടൂത്ത് 4.0, യുഎസ്ബി സി ടൈപ് കണക്ടര്‍, നാനോ സിം എന്നീ പ്രത്യേകതകളുള്ള റോബിന്‍ സ്മാര്‍ട്ട്‌ഫോണ്‍ 2680 എംഎഎച്ച് ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഏകദേശം 26,000 രൂപയ്ക്ക് വാങ്ങാന്‍ കഴിയുന്ന ഈ ഫോണ്‍ ഇപ്പോള്‍ പ്രീഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും.

Top