’10 വർഷം ചാന്‍സിനായി അലഞ്ഞു’; ഒടുവിൽ പെെസ മിച്ചം വെച്ച് ഹോർഡിംഗ് സ്ഥാപിച്ച് ബസ് ഡ്രെെവർ

സിനിമയില്‍ 10 വർഷമായി ഒരവസരത്തിനായി ശ്രമിക്കുന്നുവെങ്കിലും ഇതുവരെ ഒന്നും ശരിയായില്ല. ഒടുവില്‍ ഒരു അറ്റകൈപ്രയോഗവുമായി ബസ് ഡ്രൈവറായ യുവാവ്. തന്റെ ഫോട്ടോയും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തി ഒരു വലിയ ഹോര്‍ഡിംഗ് സ്ഥാപിച്ചിരിക്കുകയാണ് കോട്ടയം പനച്ചിക്കാട് കുരുവിക്കാട് വീട്ടില്‍ ശരത്. ‘സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ട്. പ്രതീക്ഷയോടെ ശരത് പനച്ചിക്കാട്’ എന്നാണ് ഹോര്‍ഡിംഗ്‌സിലെ വാക്കുകള്‍.

സിനിമ പ്രവര്‍ത്തകര്‍ ഏറെയുള്ള എറണാകുളം ജില്ലയിലാണ് ഹോര്‍ഡിംഗ് സ്ഥാപിച്ചത്. കോട്ടയത്ത് സ്വകാര്യ ബസ് ഡ്രൈവറായ ശരത് മൂന്ന് മാസം സ്വരുകൂട്ടിവെച്ച 25,000 രൂപയാണ് ഈ പരസ്യം സ്ഥാപിക്കാന്‍ ചെലവാക്കിയത്. പത്ത് വര്‍ഷമായി ശരത് സിനിമയില്‍ അവസരം തേടുന്നുണ്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് അവസരം തേടിയുള്ള ഈ ഓട്ടം. നിരവധി ഓഡിഷനുകളില്‍ പങ്കെടുക്കുകയും ജൂനിയര്‍ ആര്‍ടിസ്റ്റായി ചില സിനിമകളില്‍ വേഷമിടുകയും ചെയ്തിട്ടുണ്ട്. ഒരു വലിയ അവസരം തന്നെ തേടി വരുമെന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരൻ.

 

Top