ഫോബ്സ് അതിസമ്പന്ന പട്ടികയില്‍ 10 മലയാളികള്‍ ഇടം പിടിച്ചു

ദുബായ്: ഫോബ്‌സിന്റെ ഇന്ത്യക്കാരായ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 10 മലയാളികള്‍ ഇടം പിടിച്ചു. പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിന്റെ (35,600 കോടി രൂപ) ആസ്തിയുമായാണ് യൂസഫലി മലയാളികളുടെ ഇടയില്‍ ഒന്നാമതായി എത്തിയത്.

ആഗോളതലത്തില്‍ 589 ാം സ്ഥാനവും ഇന്ത്യയില്‍ 26-ാ മനുമായാണ് യൂസഫലി പട്ടികയില്‍ ഇടം നേടിയത്. കഴിഞ്ഞ വര്‍ഷം 445 കോടി ഡോളറായിരുന്നു യൂസഫലിക്കുണ്ടായിരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ അതിസമ്പന്നനായ ഇന്ത്യക്കാരനും യൂസഫലിയാണ്.

330 കോടി ഡോളര്‍ ആസ്തിയോടെ ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ അതിസമ്പന്ന മലയാളി. രവി പിള്ള, ബൈജു രവീന്ദ്രന്‍ (250 കോടി ഡോളര്‍ വീതം), എസ്. ഡി. ഷിബുലാല്‍ (190 കോടി ഡോളര്‍), ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണി വര്‍ക്കി (140 കോടി ഡോളര്‍), ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്, ജോര്‍ജ് ജേക്കബ് മുത്തൂറ്റ്, ജോര്‍ജ് തോമസ് മുത്തൂറ്റ് (എന്നിവര്‍ 130 കോടി ഡോളര്‍), ടി.എസ്. കല്യാണരാമന്‍ (100 കോടി ഡോളര്‍) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികള്‍.

 

Top