മില്യണ്‍ മെട്രോ ആയി കൊച്ചി വാട്ടര്‍ മെട്രോ; 6 മാസത്തിനുള്ളില്‍ 10 ലക്ഷം സഞ്ചാരികള്‍, നന്ദി അറിയിച്ച് മന്ത്രി പി രാജീവ്

കൊച്ചി: വാട്ടര്‍ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികള്‍ക്ക് നന്ദി അറിയിച്ച് മന്ത്രി പി രാജീവ്. സര്‍വീസ് ആരംഭിച്ച് 6 മാസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ കൊച്ചി വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ചവരുടെ എണ്ണം 10 ലക്ഷം പിന്നിട്ടിരിക്കുന്നു. കൊച്ചി വാട്ടര്‍ മെട്രോയെ നെഞ്ചിലേറ്റിയ മലയാളികള്‍ക്കാകെ നന്ദി രേഖപ്പെടുത്തുന്നു.

കേരളത്തിന്റെ വാട്ടര്‍മെട്രോ മില്യണ്‍ മെട്രോ ആയിരിക്കുകയാണ് ഇന്ന്. ചിലവ് കുറഞ്ഞതും കുരുക്കില്‍ പെടാത്തതുമായ ഈ സംസ്ഥാന പൊതുഗതാഗത സംവിധാനം കൊച്ചിക്കാര്‍ക്കാകെ ആശ്വാസമേകുന്നു എന്നുതന്നെയാണ് ചുരുങ്ങിയ കാലയളവില്‍ നേടിയ ഈ നേട്ടം സൂചിപ്പിക്കുന്നത്.

ഹൈക്കോര്‍ട്ട്-വൈപ്പിന്‍, വൈറ്റില-കാക്കനാട് എന്നീ രണ്ട് റൂട്ടുകളിലാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചതെങ്കില്‍ കഴിഞ്ഞ മാസം മുതല്‍ ഹൈക്കോര്‍ട്ട്-ബോള്‍ഗാട്ടി റൂട്ടിലേക്കും സര്‍വീസ് ആരംഭിക്കാന്‍ മെട്രോയ്ക്ക് സാധിച്ചിരുന്നു. എത്രയും പെട്ടെന്നുതന്നെ കൂടുതല്‍ ജട്ടികളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ആ റൂട്ടുകളില്‍ കൂടി ബോട്ടുകള്‍ ഇറക്കി സര്‍വീസ് ആരംഭിക്കുമെന്നും മന്ത്രി പി രാജീവ് അറിയിച്ചു.

Top