മനുഷ്യ കവചമാക്കിയ യുവാവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം ; മനുഷ്യാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപെടാന്‍ സൈന്യം മനുഷ്യ കവചമാക്കിയ യുവാവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്.

ഏപ്രില്‍ ഒമ്പതിനാണ് ഫറൂഖ് അഹമ്മദ് ധര്‍ എന്ന ഇരുപത്താറുകാരനെ സൈന്യം ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കവചം തീര്‍ത്തത്. ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനിടെയാണ് വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ ഈ സംഭവം അരങ്ങേറിയത്.

സൈന്യത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് ഫറൂഖിനെ ജീപ്പിനു മുന്നില്‍ കെട്ടിയിട്ടത്. എന്നാല്‍ താന്‍ കല്ലെറിഞ്ഞിട്ടില്ലെന്നും വോട്ട് ചെയ്ത് തിരികെ പോകുമ്പോള്‍ സൈനികര്‍ പിടികൂടി അഞ്ചു മണിക്കൂറോളം ജീപ്പില്‍ കെട്ടിയിടുകയായിരുന്നു എന്നുമാണ് ഫാറൂഖ് പറഞ്ഞത്.

Top