പത്ത് ലക്ഷം മുടക്കി 40 ലക്ഷത്തിന്റെ ബാധ്യത; ശ്യാമളക്കെതിരെ കൂടുതല്‍ പേര്‍ രംഗത്ത്

കണ്ണൂര്‍: പ്രവാസി സാജന്‍ പാറയിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സനെതിരെ ആരോപണങ്ങളുമായി കൂടുതല്‍ പേര്‍ രംഗത്ത്. ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണക്കാരി പി.കെ.ശ്യാമളയാണെന്നും കോയമ്പത്തൂരോ മുംബൈയിലോ പോയി സ്ഥാപനം തുടങ്ങാന്‍ അവര്‍ ഉപദേശിച്ചെന്നും വനിത വ്യവസായി സോഹിതയും ഭര്‍ത്താവ് വിജുവും ആരോപിച്ചു.

പത്ത് ലക്ഷം മുതല്‍മുടക്കിയവരെ നാല്‍പ്പത് ലക്ഷത്തിന്റെ ബാധ്യതയിലേക്കെത്തിച്ചത് ചെയര്‍പേഴ്‌സണാണെന്നും സോഹിതയുടെ ഭര്‍ത്താവ് വിജു കണ്ണപുരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പതിനഞ്ചോളം കുടുംബങ്ങളുടെ അന്നം മുട്ടിച്ചതും പി.കെ.ശ്യാമളയാണെന്നും ഇവര്‍ ആരോപിക്കുന്നു.

തളിപ്പറമ്പ് നഗരസഭ ആയിരുന്ന കാലത്താണ് ആന്തൂരില്‍ ഇവര്‍ ശുചീകരണ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന ചെറുകിട സംരംഭം ആരംഭിച്ചത്. ഒരു വര്‍ഷം കഴിഞ്ഞ് ആന്തൂര്‍ നഗരസഭ രൂപീകരിച്ചതോടെ മലിനീകരണമുണ്ടാക്കുന്നു എന്ന പേരില്‍ സംരംഭം അടച്ചു പൂട്ടാന്‍ നോട്ടിസ് നല്‍കി. നിരന്തരം അപേക്ഷയുമായി കയറിയിറങ്ങിയിട്ടും പ്രവര്‍ത്തനാനുമതി ലഭിച്ചില്ല. 10 ലക്ഷം രൂപയ്ക്ക് ആരംഭിച്ച സംരംഭം ഇടയ്ക്കു മുടങ്ങിയതോടെ കടം പെരുകി. തൊഴിലാളികളുടെ കുടുംബം പട്ടിണിയിലായി.

കാര്യമെന്താണെന്ന് അന്വേഷിച്ചു നഗരസഭ അധ്യക്ഷയെ നേരിട്ടു കണ്ടപ്പോള്‍ കോയമ്പത്തൂരോ മുംബൈയിലോ പോയി സംരംഭം തുടങ്ങാനായിരുന്നു ഉപദേശമെന്നു സോഹിത വിജുവിന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു. മറ്റു ചിലര്‍ മുഖേനെ അന്വേഷിച്ചപ്പോള്‍ സംരംഭകയ്ക്ക് അഹങ്കാരമാണെന്നായിരുന്നു അധ്യക്ഷയുടെ മറുപടി. ഒടുവില്‍ ഒരുതരത്തിലും മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയില്ല എന്നു വന്നതോടെ സംരംഭം പൂര്‍ണമായും തളിപ്പറമ്പ് നാടുകാണിയിലെ കിന്‍ഫ്ര പാര്‍ക്കിലേക്കു മാറ്റേണ്ടി വന്നുവെന്നും ഇവര്‍ പറയുന്നു.

Top