മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ അജ്ഞാതരുടെ വെടിവയ്പ്പ്, 10 പേര്‍ക്ക്

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കാങ്‌പോക്പി ജില്ലയുടെയും ഇംഫാല്‍ വെസ്റ്റിന്റെയും അതിര്‍ത്തിയിലുള്ള കാങ്ചുപ്പ് ഹില്‍, കോട്രുക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയും കുക്കി തീവ്രവാദികളെന്ന് സംശയിക്കുന്ന അക്രമികളും തമ്മിലായിരുന്നു വെടിവയ്പ്പ്.

ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ അജ്ഞാതര്‍ നടത്തിയ വെടിവയ്പ്പില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു സ്ത്രീയും രണ്ട് പൊലീസുകാരും ഉള്‍പ്പെടുന്നു. രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ ഏഴുപേര്‍ ലാംഫെലിലെ റിംസ് ആശുപത്രിയിലും മൂന്ന് പേര്‍ ഇംഫാലിലെ രാജ് മെഡിസിറ്റിയിലും ചികിത്സയിലാണ്.

റിംസില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കാങ്‌പോക്പി ജില്ലയില്‍ നിന്ന് രണ്ട് കൗമാരക്കാരെ കാണാതായതിന് പിന്നാലെ ഇംഫാല്‍ താഴ്വരയില്‍ സംഘര്‍ഷ സാഹചര്യം ഉടലെടുത്തിരുന്നു. സൈനികന്റെ അമ്മയടക്കം നാല് പേരെ കലാപകാരികള്‍ തട്ടിക്കൊണ്ടുപോയി. ഈ സാഹചര്യത്തിലാണ് സംഘര്‍ഷമുണ്ടായത്.

Top