പുതിയ ഇന്ത്യയിലെ വിലപ്പെട്ട സമ്മാനങ്ങള്‍! ബിജെപിയെ ട്രോളി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്ത് അവശ്യ വസ്തുക്കളുടെ വില കുത്തനെ ഉയരുമ്പോള്‍ സാധാരണക്കാരന്റെ ജീവിതമാണ് തുലാസിലാവുന്നത്. ഇന്ന് സ്വര്‍ണത്തിനേക്കാള്‍ വിലായണ് ഉള്ളിയ്ക്ക്. രാജ്യത്ത് പലയിടത്തും ഉള്ളിവില 100 രൂപയിലും അധികമായി കുതിച്ചുയര്‍ന്നിട്ടുണ്ട്. പച്ചക്കറികള്‍ക്കും ദിനംപ്രതി വില ഉയരുകയാണ്. പെട്രോള്‍ വിലയാണെങ്കില്‍ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍. ഇതിനിടയിലാണ് എയര്‍ടെല്‍, വോഡഫോണ്‍, ജിയോ തുടങ്ങിയ സ്വകാര്യ മൊബൈല്‍ സേവനദാതാക്കളൊക്കെ വന്‍തോതില്‍ നിരക്ക് വര്‍ധിപ്പിച്ചത്.

ഈ അവസരത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ്‌ കോണ്‍ഗ്രസ്. വിവാഹസമ്മാനമായി എന്ത് നല്‍കും എന്ന് സംശയിച്ചിരിക്കുന്നവര്‍ക്കായി അമൂല്യവസ്തുക്കളുടെ പട്ടിക പുറത്തുവിട്ടാണ് ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നിരിക്കുന്നത്.

10 കിലോ ഉള്ളി, അഞ്ച് കിലോ വെളുത്തുള്ളി, 10 ലിറ്റര്‍ പെട്രോള്‍, ഒരു മാസത്തേയ്ക്കുള്ള മൊബൈല്‍ കോളിങ്, ഡാറ്റ പാക്ക്, ഒരു എല്‍പിജി സിലിണ്ടര്‍ എന്നിവയാണ് സമ്മാനമായി നല്‍കാന്‍ പറ്റിയ വസ്തുക്കളുടെ പട്ടികയില്‍ ഉള്ളത്. പുതിയ ഇന്ത്യയിലെ വിലപ്പെട്ട സമ്മാനങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ഇത്.

വിവാഹ സമ്മാനമായി നല്‍കാന്‍ ഏറ്റവും അനുയോജ്യമായത് എന്തൊക്കെയാണെന്ന് കണ്ടെത്തുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ കല്യാണങ്ങള്‍ക്ക് സമ്മാനം നല്‍കുന്ന കാര്യത്തില്‍ ആശങ്കകള്‍ വേണ്ട എന്ന കുറിപ്പോടെയാണ് കോണ്‍ഗ്രസ് ഇത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

Top