തൃശ്ശൂരിൽ 10 കിലോ കഞ്ചാവുമായി സ്ത്രീ അടക്കം നാലു പേര്‍ പിടിയില്‍

തൃശൂർ : തൃശ്ശൂരിൽ 10 കിലോ കഞ്ചാവുമായി ഒരു സ്ത്രീ അടക്കം നാലു പേര്‍ പിടിയിലായി. കാറിന്റെ ബോണറ്റില്‍ വച്ചാണ് പ്രതികൾ കഞ്ചാവ് കടത്താൻ ശ്രമിച്ചത്. തൃശൂര്‍ സിറ്റി ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

തൃശൂര്‍ ശക്തന്‍ നഗറില്‍ വച്ച് ഇന്ന് രാവിലെയാണ് പ്രതികൾ കടത്താൻ ശ്രമിച്ച 10 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയത്. മാര്‍ക്കറ്റില്‍ ഒന്‍പതു ലക്ഷം രൂപ വില മതിക്കുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. ആന്ധ്ര, ഒറീസ എന്നിവിടങ്ങളില്‍ നിന്നും വലിയതോതില്‍ കഞ്ചാവ് കടത്തുന്ന ദമ്പതികളടക്കം നാലു പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ജാഫര്‍ ഖാന്‍, റിയാസ്, ഷമീര്‍, സുമി എന്നിവരാണ് പിടിയിലായത്. ഇവർ തിരുവനന്തപുരം കല്ലറ സ്വദേശികളാണ് . നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായവർ.

കഞ്ചാവ് കടത്താൻ ശ്രമിച്ച വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സിറ്റി ഷാഡോ പൊലീസും ഈസ്റ്റ് പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് സംഘത്തെ പിടികൂടിയത്.

Top