10 hurt as beef rumor leads to protest in Haryana

ഗുര്‍ഗോണ്‍: ഹരിയാനയിലെ പല്‍വാലയില്‍ ഗോമാംസം കടത്തിയെന്നാരോപിച്ച് സംഘര്‍ഷം. പോലീസും ജനക്കൂട്ടവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഘര്‍ഷത്തില്‍ ആറു പോലീസുകാരടക്കം 10 പേര്‍ക്കു പരിക്കേറ്റു. ഗോമാംസം കടത്തിയെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ ട്രക്ക് തല്ലിത്തകര്‍ത്തതാണ് സംഭവങ്ങളുടെ തുടക്കം. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ക്ലീനറെ ജനക്കൂട്ടം മര്‍ദിക്കുകയും ചെയ്തു. പല്‍വാലയില്‍ നിന്നും ഉത്തര്‍പ്രദേശിലെ ആലിഗ്രയിലേക്കു പോകുകയായിരുന്ന ട്രക്കാണ് ജനക്കൂട്ടം ആക്രമിച്ചത്.

പിന്നാലെ സംഭവ സ്ഥലത്തെത്തിയ പോലീസിനു നേരെ ജനക്കൂട്ടം അക്രമണം നടത്തുകയുമായിരുന്നു. ട്രക്കിലുണ്ടായിരുന്നത് ഒട്ടകത്തിന്റെ മാംസമായിരുന്നെന്നും ഒട്ടകത്തിന്റെ തോലും എല്ലും ട്രക്കില്‍ നിന്നു കണ്ടെത്തിയതായും പല്‍വാലയിലെ മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

സെപ്റ്റംബര്‍ 28 ന് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ പശു ഇറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാക് എന്നയാള്‍ക്കു നേരെ ആക്രമണം നടന്നതില്‍ വന്‍ പ്രതിഷേധമാണ് രാജ്യത്തൊട്ടാകെ ഉയര്‍ന്നിരുന്നത്. മുഹമ്മദ് അഖ്‌ലാക് അക്രമത്തില്‍ മരിക്കുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍, അഖ്‌ലാകിന്റെ വീട്ടില്‍ സൂക്ഷിച്ചത് ആട്ടിറച്ചിയാണെന്ന് പിന്നീട് തെളിഞ്ഞിരുന്നു.

Top