കേന്ദ്ര മന്ത്രിമാരുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം ഇന്നും തുടരും

ജമ്മു: പുനഃസംഘടനയ്ക്ക് ശേഷമുള്ള കേന്ദ്രമന്ത്രിമാരുടെ ആദ്യ കശ്മീര്‍ സന്ദര്‍ശനം ഇന്നും തുടരും.പത്തു കേന്ദ്രമന്ത്രിമാരാകും ഇന്ന് സംസ്ഥാനത്ത് എത്തി ആര്‍ട്ടിക്കില്‍ 370 എടുത്തുകളഞ്ഞതിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ചും കേന്ദ്രം കൊണ്ടുവരുന്ന വിവിധ വികസന പദ്ധതികളെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കും.സ്മൃതി ഇറാനി, പിയൂഷ് ഗോയല്‍, വി മുരളീധരന്‍ തുടങ്ങിയവര്‍ ജമ്മു മേഖലയിലെ വിവിധ ജില്ലകളില്‍ എത്തും. കത്തുവയിലെ ബിലാവറിലാകും വി മുരളീധരന്‍ ജനങ്ങളെ കാണുക.

കശ്മീരില്‍ എസ്എംഎസ്, വോയിസ് കോള്‍ സൗകര്യങ്ങള്‍ പൂര്‍ണമായും പുനസ്ഥാപിക്കാന്‍ ഇന്നലെ അധികൃതര്‍ തീരുമാനിച്ചിരുന്നു. എല്ലാ പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കും ശനിയാഴ്ച മുതല്‍ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ജമ്മുകശ്മീര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കെന്‍സാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്കായി പുനഃസ്ഥാപിച്ച 2ജി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം കശ്മീരിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുമുണ്ട്. ജമ്മുവിലെ 10 ജില്ലകളിലും കശ്മീരിലെ കുപ്വാര, ബന്തിപ്പോര തുടങ്ങിയ ജില്ലകളിലുമാണ് 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ അനുവദിച്ചത്.

അതേസമയം കശ്മീരിലെ ബുദ്ഗാം, ഗന്ദേര്‍ബാല്‍, ബാരാമുള്ള, ശ്രീനഗര്‍, കുല്‍ഗാം, അനന്ത്‌നാഗ്, ഷോപിയാന്‍, പുല്‍വാമ തുടങ്ങിയ ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റിന് വിലക്ക് തുടരും.

Top