10.30 All eyes will be on the Supreme Court increases the heart rate

ചെന്നൈ: തമിഴകത്തിന്റെ വിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രമിരിക്കെ അണിയറയിൽ എം എൽ എമാർക്കായുള്ള വല വീശൽ തകൃതിയായി.

ഏറ്റവും ഒടുവിലായി ശശികല പക്ഷത്തുള്ള മധുര സൗത്ത് എം എൽ എ ശരവണനും മധുര എം പി ഗോപാലകൃഷ്ണനുമാണ് പനീർശെൽവ പക്ഷതെത്തിയത്. ഇതോടെ പനിർ ശെൽവത്തെ പിന്തുണക്കുന്ന എം എൽ എമാരുടെ എണ്ണം എട്ടായി.

രാജ്യസഭയിലും ലോകസഭയിലുമായുള്ള 50 എം പിമാരിൽ 13 പേരിപ്പോൾ പനീർശെൽവത്തിനൊപ്പമാണ്.

ചൊവ്വാഴ്ച കാലത്ത് 10.30 ന് ശശികലക്കെതിരെ സുപ്രീം കോടതിയിൽ നിന്ന് വിധി വരുകയാണെങ്കിൽ കൂടുതൽ എം എൽ എമാരും എം പിമാരും തങ്ങളുടെ പക്ഷത്ത് എത്തുമെന്ന പ്രതീക്ഷയിലാണ് പനീർശെൽവ വിഭാഗം. എന്നാൽ അപകടം മുന്നിൽ കണ്ട് ബദൽ സംവിധാനമൊരുക്കിയാണ് ശശികലയുടെ നീക്കങ്ങൾ

കോടതി അനുകൂലമായി വിധിച്ചാൽ ഉടൻ തന്നെ കോൺഗ്രസ്സിന്റെ പിന്തുണയോടെ സർക്കാരുണ്ടാക്കാനാണ് നീക്കം. ഗവർണ്ണർക്ക് സുപ്രീം കോടതി ശശികലയെ കുറ്റവിമുക്തമാക്കിയാൽ പിന്നെ പിടിച്ച് നിൽക്കാൻ കഴിയില്ല.

മറിച്ച് എതിരായാണ് വിധിയെങ്കിൽ സ്വന്തം പാളയത്തിലെ മുതിർന്ന അണ്ണാ ഡിഎംകെ നേതാക്കളായ സെങ്കോട്ടയ്യന്‍, എടപ്പാടി പളനി സ്വാമി ഇവരിൽ ഒരാളെ മുൻനിർത്തി അവകാശവാദം ഉന്നയിക്കാനാണ് തീരുമാനം. ഇങ്ങനെ ഒരു പിന്തുണ കത്തുമായി അണ്ണാ ഡിഎംകെ ഗവർണ്ണറെ സമീപിച്ചാലും മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കേണ്ടി വരും.

ഈ രണ്ട് സാധ്യതകൾ ഒരുക്കി നിർത്തിയാണ് സുപ്രീം കോടതി വിധിക്കായി ശശികല വിഭാഗം കാതോർത്തിരിക്കുന്നത്.

പനീർശെൽവ വിഭാഗമാകട്ടെ കോടതി വിധിക്ക് മുൻപ് പരമാവധി പേരെ സംഘടിപ്പിച്ച് ശശികല വിഭാഗത്തിന്റെ നീക്കങ്ങൾ തടയാനുള്ള നെട്ടോട്ടത്തിലാണ്.

ജീവനും മരണത്തിനുമിടയിലുള്ള ഒരു അവസ്ഥയിലാണ് ഈ വിഭാഗം. ശശികലക്ക് നിയന്ത്രണമുള്ള ഒരു സർക്കാർ വരുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പനീർശെൽവ വിഭാഗത്തിന് കഴിയുന്നില്ല. പ്രതികാരദാഹിയായി ശശികല ഉപദ്രവിക്കുമെന്നതിനാലാണത്.

അതേസമയം കോടതി വിധിയോടെ തമിഴകത്തെ ‘സസ്പെൻസിന് ‘ ചൊവാഴ്ച വിരാമമാകും. ഇതിനിടെ തമിഴ്നാട് നിയമസഭ വിളിച്ച് ചേർക്കണമെന്ന നിയമോപദേശം ഗവർണ്ണർ വിദ്യാസാഗർ റാവുവിന് അറ്റോർണി ജനറൽ മുകൾ റോഹ്ത്തഗി നൽകിയിട്ടുണ്ട്.

ഇനി മുഖ്യമന്ത്രിയാകാൻ ആരെ വിളിക്കണമെന്നതാണ് ഗവർണ്ണറുടെ മുന്നിലുള്ള ചോദ്യം. രാവിലെ സുപ്രീം കോടതി വിധി വരുന്നതോടെ അതിനുള്ള ഉത്തരവുമാകും.

Top