ആദിവാസികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം; മാധ്യമങ്ങളെ വിമര്‍ശിച്ച് രാഹുല്‍

റാഞ്ചി : ജാര്‍ഖണ്ഡില്‍ പതിനായിരത്തിലധികം ആദിവാസികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത് വിവാദമാകുമ്പോള്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പതിനായിരത്തിലധികം വരുന്ന ആദിവാസികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടും പ്രാദേശികവും ദേശീയവുമായ മാധ്യമങ്ങള്‍ മൗനം പാലിക്കുന്നതിനെയാണ് രാഹുല്‍ വിമര്‍ശിച്ചത്.

സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ പ്രതികരിക്കുന്ന സാധാരണക്കാരുടെ പേരില്‍ ഇത്രയും ഗൗരവകരമായ കുറ്റങ്ങള്‍ ചുമത്തുന്നത് നീതിമത്കരിക്കാവുന്നതല്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും ഈ വിഷയത്തില്‍ പ്രതികരണം ഉണ്ടാകാത്തത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

ജാാര്‍ഖണ്ഡില്‍ മൂന്നുവര്‍ഷത്തിനിടെ 11,200 ആദിവാസികള്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.ഇതിനെതിരേ ആദിവാസി സംഘടന ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു.ആദിവാസികളുടെ നേതൃത്വത്തില്‍ 2017-ല്‍ നടന്ന പതല്‍ഗഡി പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസ്. ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ പ്രകാരം ആദിവാസിപ്രദേശങ്ങള്‍ക്ക് നല്‍കിയ പ്രത്യേക സ്വയംഭരണാവകാശത്തിലെ വ്യവസ്ഥകള്‍ കല്ലില്‍ കൊത്തി ഖൂംടി ജില്ലയിലെ ഗ്രാമങ്ങളില്‍ സ്ഥാപിച്ചായിരുന്നു പതല്‍ഗഡി പ്രക്ഷോഭം.

ഇതേത്തുടര്‍ന്നാണ് പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ എന്നുപറഞ്ഞ് ആദിവാസികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ തുടങ്ങിയത്. പേര് വ്യക്തമാക്കാതെയാണ് കേസെടുത്തിരിക്കുന്നത്. സംഭവങ്ങളുടെ നിജസ്ഥിതി വ്യക്തമാകുന്നതിന് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആവശ്യവുമായി മൂന്നുമാസം മുമ്പാണ് ആദിവാസി സംഘടനയായ ആദിവാസി ന്യായ് മഞ്ച് റിട്ട് ഹര്‍ജി നല്‍കിയത്.

Top