കെ.വി.തോമസിന് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം ഓണറേറിയം

തിരുവനന്തപുരം: ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ കെ.വി.തോമസിന് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു ലക്ഷം രൂപ ഓണറേറിയം നൽകാൻ ധനവകുപ്പ് നിർദേശിച്ചത് ‘മനോരമ ഓൺലൈൻ’ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് അസിസ്റ്റന്റുമാർ, ഒരു ഓഫിസ് അറ്റൻഡന്റ്, ഒരു ഡ്രൈവർ എന്നിവരെ നിയമിക്കാനും മന്ത്രിസഭ അനുമതി നൽകി.

ജനുവരി 18ലെ മന്ത്രിസഭായോഗമാണു കെ.വി.തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും ആവശ്യപ്പെട്ട് കെ.വി.തോമസ് സർക്കാരിനു കത്ത് നൽകിയിരുന്നു. ഡൽഹി കേരള ഹൗസിലാണ് കെ.വി.തോമസിന്റെ ഓഫിസ്. അടിസ്ഥാന ശമ്പളം, ഡിഎ, എച്ച്ആർഎ, മറ്റു ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ശമ്പളം. സേവനത്തിനു പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതിനെയാണ് ഓണറേറിയമെന്നു പറയുന്നത്. സർക്കാർ സർവീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥർക്ക് പുനർനിയമനം നൽകിയാൽ അവസാനം വാങ്ങിയ ശമ്പളത്തിൽനിന്ന് പെൻഷൻ കുറച്ച തുകയാണ് വേതനമായി അനുവദിക്കുക. ഓണറേറിയം നൽകിയാൽ കെ.വി.തോമസിന് എംപി പെൻഷൻ വാങ്ങുന്നതിന് തടസമുണ്ടാകില്ല.

കോൺഗ്രസ് വിലക്കു ലംഘിച്ച് കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതോടെയാണു കെ.വി.തോമസ് പാർട്ടിയുമായി അകലുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് കൺവൻഷനിൽ പങ്കെടുത്തതോടെ കോൺഗ്രസിൽനിന്ന് പുറത്താക്കി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി എ.സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു.

Top