ബംഗ്ലദേശില്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം പേര്‍; ആശങ്ക !

ധാക്ക: ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് ബംഗ്ലദേശില്‍ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം പേര്‍. മതാധ്യാപകനും രാഷ്ട്രീയപ്പാര്‍ട്ടി നേതാവുമായ മൗലാന സുബായര്‍ അഹമ്മദ് അന്‍സാരിയുടെ കബറടക്കത്തിനാണ് വിലക്കുകള്‍ മറികടന്ന് ജനം തടിച്ച് കൂടിയത്.

ഇതോടെ കോവിഡ് പ്രതിരോധിക്കാന്‍ രാജ്യമെടുത്ത നടപടികള്‍ക്കുമേല്‍ പുതിയൊരു വെല്ലുവിളിയാണ് ഉയര്‍ന്നിരിക്കുന്നത്. പ്രാര്‍ഥനയ്ക്കുപോലും അഞ്ചുപേരിലധികം കൂടരുതെന്നായിരുന്നു ബംഗ്ലദേശിലെ നിയന്ത്രണം.

ബ്രഹ്മാന്‍ബാരിയ ജില്ലയില്‍ നടന്ന കബറടക്കത്തില്‍ ലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായി പ്രധാനമന്ത്രിയുടെ സ്‌പെഷല്‍ അസിസ്റ്റന്റ് ഷാ അലി ഫര്‍ഹദും ജില്ലയുടെ പൊലീസ് വക്താവ് ഇംതിയാസ് അഹമ്മദും സ്ഥിരീകരിച്ചു.

കബറടക്കത്തില്‍ പങ്കെടുക്കാന്‍ പലയിടങ്ങളില്‍ നിന്നായി ബ്രഹ്മാന്‍ബാരിയ ജില്ലയിലേക്കുള്ള റോഡുകളില്‍ പതിനായിരക്കണക്കിനുപേരാണ് കാല്‍നടയായി എത്തിയതെന്ന് ഇസ്ലാമിസ്റ്റ് പാര്‍ട്ടിയുടെ ജോയിന്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് മമൂനുല്‍ ഹഖ് പറഞ്ഞു.

ഞായറാഴ്ച വരെ ബംഗ്ലദേശില്‍ 2,456 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോവിഡ് ബാധിച്ച് 91 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

അതേസമയം, മതിയായ പരിശോധനാ കിറ്റുകള്‍ ഇല്ലാത്തതിനാല്‍ വ്യാപക പരിശോധന നടത്താന്‍ കഴിയുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.

Top