10 രൂപ അഡ്വാന്‍സ് നല്‍കി ഒരേ നമ്പരിലെ 5 ടിക്കറ്റുകള്‍ വാങ്ങി;1 കോടിയും 4 സമാശ്വാസ സമ്മാനവു മീന്‍ വില്‍പനക്കാരന്

പാലക്കാട്: കേരള ലോട്ടറിയുടെ ഫിഫ്റ്റി-ഫിഫ്റ്റിയില്‍ ഒന്നാം സമ്മാനമായ ഒരു കോടി രൂപ മീന്‍ വില്‍പനക്കാരന്. തിരുവഴിയാട് ചിറപ്പുറം വീട്ടില്‍ മജീദ് വാങ്ങിയ എഫ്എക്‌സ് 492775 നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒപ്പം എടുത്ത വേറെ സീരീസില്‍ ഇതേ നമ്പറിലുള്ള മറ്റു നാലു ടിക്കറ്റുകള്‍ക്ക് 8,000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിച്ചു.

പതിവുപോലെ മീന്‍ വില്‍ക്കാന്‍ പോകും മുന്‍പു 10 രൂപ മാത്രം അഡ്വാന്‍സ് നല്‍കിയായിരുന്നു ഒരേ നമ്പരിലെ 5 ടിക്കറ്റുകള്‍ വാങ്ങിയത്. ബാക്കി 240 രൂപ മീന്‍വില്‍പന കഴിഞ്ഞു തിരികെ വരുമ്പോള്‍ കൊടുക്കുകയായിരുന്നു. തിരുവഴിയാട് കരിങ്കുളത്തു ചില്ലറ വില്‍പന നടത്തുന്ന ആര്‍.ചെന്താമരയില്‍ നിന്നാണു പ്രധാന വിതരണക്കാരായ നെന്മാറ സുബ്ബലക്ഷ്മി ലോട്ടറി ഏജന്‍സിയുടെ ടിക്കറ്റ് വാങ്ങിയത്.

4 വര്‍ഷമായി മീന്‍കച്ചവടം നടത്തുന്ന മജീദിന് 20 വര്‍ഷമായി ലോട്ടറി വാങ്ങുന്ന ശീലമുണ്ട്. ചെറിയ തുകയുടെ സമ്മാനങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും വലിയ തുക ലഭിക്കുന്നത് ആദ്യമായാണ്. സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് ഇന്നു ബാങ്കില്‍ ഏല്‍പിക്കും. മജീദിന്റെ ഭാര്യ: ലൈല. മക്കള്‍: ജെസീന, റിയാസ്, ജംസീന.

Top