മാര്‍ച്ച് മാസം മുതല്‍ 1.78 കോടി ടിക്കറ്റുകള്‍ റദ്ദാക്കിയെന്ന് റെയില്‍വേ; റീഫണ്ട് നല്‍കിയത് 2727 കോടി രൂപ

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തലാക്കിയതോടെ മാര്‍ച്ച് മാസം മുതല്‍ 1.78 കോടി ടിക്കറ്റുകള്‍ റദ്ദാക്കിയെന്ന് ഇന്ത്യന്‍ റെയില്‍വെ. ടിക്കറ്റുകള്‍ റദ്ദാക്കിയതോടെ 2727 കോടി രൂപ റീഫണ്ട് നല്‍കിയെന്നും റെയില്‍വെ വ്യക്തമാക്കി. മാര്‍ച്ച് 25 മുതലാണ് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയത്. അന്ന് മുതലുള്ള കണക്കുകളാണ് റെയില്‍വേ വ്യക്തമാക്കിയിരിക്കുന്നത്.

ടിക്കറ്റ് ബുക്കിങില്‍ നിന്നും നേടിയതിനെക്കാള്‍ കൂടുതല്‍ തുക റീഫണ്ട് നല്‍കിയതും ഇതാദ്യമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 11വരെ 3660.08 കോടി രൂപ റെയില്‍വെ റീഫണ്ട് നല്‍കിയിരുന്നു. അതേസമയം, 17309.1 കോടി രൂപ ഇതേ കാലത്ത് ടിക്കറ്റ് ബുക്കിങില്‍ നിന്നും നേടിയിരുന്നു.ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലെ യാത്രകള്‍ക്കായി നേരത്തെ ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകളാണ് റദ്ദാക്കിയത്. മധ്യപ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗറാണ് വിവരാവകാശ നിയമ പ്രകാരം ചോദ്യം ഉന്നയിച്ചത്.

Top