ഹ്യൂണ്ടായ് ഐ എക്‌സ് 25 ക്രീറ്റ എത്തുന്നു

ഹ്യൂണ്ടായിയുടെ ഐ എക്‌സ് 25 ക്രീറ്റ എന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം വിപണിയിലേക്ക് എത്തുന്നു. ഭേദപ്പെട്ട വില, മികച്ച പ്രകടനം, ഉയര്‍ന്ന ഫീച്ചറുകള്‍ എന്നിവ ക്രീറ്റയുടെ മികവുകളാണെന്ന് ഈ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

തിരക്കേറിയ റോഡുകളില്‍, സുഖകരമായ ഡ്രൈവിംഗ് പ്രദാനം ചെയ്യുംവിധം ഒതുക്കിയാണ് ക്രീറ്റയെ ഹ്യൂണ്ടായ് രൂപപ്പെടുത്തിയിരിക്കുന്നത്. ബോഡിയിലെ ഷാര്‍പ്പ് എഡ്ജുകളും കര്‍വുകളും രൂപകല്പനയിലെ മികവ് പ്രകടമാക്കുന്നു.

മുന്നിലെ വലിയ ക്രോം ഗ്രില്‍, വ്യത്യസ്ത ആകൃതിയുള്ള ഫോഗ് ലാമ്പ്, ഹെഡ്‌ലാമ്പ് എന്നിവ മുന്‍ഭാഗത്തെ ആകര്‍ഷകമാക്കുന്നു. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഈ കാറിന്റെ അക്കത്തളത്തില്‍ കറുപ്പഴക് നിറയുന്നു. ഉന്നത ഫീച്ചറുകള്‍ അടങ്ങുന്ന അകത്തളം വിശാലമാണ്.

4000 ആര്‍.പി.എമ്മില്‍ 126 ബി.എച്ച്.പി കരുത്തും 1900 ആര്‍.പി.എമ്മില്‍ 265 ന്യൂട്ടണ്‍ മീറ്റര്‍ പരമാവധി ടോര്‍ക്കും അവകാശപ്പെടുന്ന 1582 സി.സി എന്‍ജിനാണ് ഡീസല്‍ വേരിയന്റിലുള്ളത്. മാനുവലായി ആറ് ഗിയറുകള്‍ നല്‍കിയിരിക്കുന്നു.121.4 ബി.എച്ച്.പി കരുത്തുള്ള, 1591 സി.സി എന്‍ജിനാണ് പെട്രോള്‍ വേരിയന്റിനെ നിയന്ത്രിക്കുന്നത്.

അഞ്ച് മാനുവല്‍ ഗിയറുകള്‍ ഇതിന് നല്‍കിയിരിക്കുന്നു. ഡീസല്‍ എന്‍ജിന്‍ മികച്ച ഇന്ധനക്ഷമത ഉറപ്പാക്കുന്നുണ്ട്. എ.ബി.എസ്., ഇ.ബി.ഡി., എയര്‍ ബാഗുകള്‍ എന്നീ ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ ക്രീറ്റയില്‍ പ്രതീക്ഷിക്കാം. വെള്ള, നീല, ചുവപ്പ്, ബ്രൗണ്‍ എന്നീ കളര്‍ ഷെയ്ഡുകളാണ് പ്രതീക്ഷിക്കുന്നത്.

എട്ടര ലക്ഷം രൂപ മുതല്‍ പതിനൊന്ന് ലക്ഷം രൂപവരെയാണ് ക്രീറ്റ വേരിയന്റുകള്‍ക്ക് പ്രതിക്ഷിക്കുന്ന എക്‌സ് ഷോറൂം വില.

വിപണിയില്‍ ഫോഡ് എക്കോസ്‌പോര്‍ട്, നിസാന്‍ ടെറാനോ, റെനോ ഡസ്റ്റര്‍, ടാറ്റ സഫാരി സ്‌റ്റോം എന്നിവയാണ് പ്രധാന എതിരാളികള്‍. ഇവയ്ക്കും വില ക്രീറ്റയ്ക്കടുത്ത് തന്നെയാണ്. പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ ക്രീറ്റയ്ക്കുണ്ട്.

Top