ഹ്യൂണ്ടായ് ഇന്ത്യയുടെ സൗജന്യ കാര്‍ കെയര്‍ ക്ലിനിക്ക് നവംബര്‍ 2 വരെ

കാര്‍ ഉടമകള്‍ക്ക് കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എല്‍) സംഘടിപ്പിക്കുന്ന സൗജന്യ കാര്‍ കെയര്‍ ക്ലിനിക്കിനു തുടക്കമായി. ഇന്ത്യയില്‍ ഇത് 20-ാമതു തവണയാണു കമ്പനി സൗജന്യ കാര്‍ കെയര്‍ ക്ലിനിക് സംഘടിപ്പിക്കുന്നത്. നവംബര്‍ രണ്ടു വരെയാണ് ക്ലിനിക്ക്.

സമഗ്രമായ, 90 പോയിന്റ് പരിശോധനയാണു സൗജന്യ കാര്‍ കെയര്‍ ക്ലിനിക്കിലെത്തുന്ന വാഹനങ്ങള്‍ക്കു ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്നത്. എന്‍ജിന്‍, ട്രാന്‍സ്മിഷന്‍, ഇലക്ട്രിക്കല്‍ സിസ്റ്റം, അണ്ടര്‍ ബോഡി, എ സി, ബാഹ്യ ഭാഗം തുടങ്ങിയവയൊക്കെ വിശദ പരിശോധനയ്ക്കു വിധേയമാക്കും.

കൂടാതെ ഹ്യുണ്ടായ് വാഹന ഉടമകള്‍ക്കായി സ്‌പെയര്‍പാര്‍ട്‌സ് വിലയിലും ലേബര്‍ ചാര്‍ജിലും അക്‌സസറികളിലും ഇതര മൂല്യവര്‍ധിത സേവനങ്ങളിലുമൊക്കെ ആകര്‍ഷക ഇളവുകളും ക്ലിനിക് വാഗ്ദാനം ചെയ്യുന്നുണ്ട്. പഴയ കാര്‍ മാറ്റി പുതിയതു വാങ്ങാനുള്ള അവസരവും ഹ്യുണ്ടായ് ഈ ക്ലിനിക്കില്‍ ലഭ്യമാക്കുന്നുണ്ട്.

നാലു വര്‍ഷത്തിലേറെ പഴക്കമുള്ള കാറുകള്‍ക്കുള്ള പ്രത്യേക ഇളവുകളാണ് ഇത്തവണത്തെ സൗജന്യ കാര്‍ കെയര്‍ ക്ലിനിക്കിന്റെ പ്രധാന ആകര്‍ഷണം.

Top