ഹ്യുണ്ടായ് എലാന്‍ഡ്രയുടെ പരിഷ്‌ക്കരിച്ച പതിപ്പ് പുറത്തിറക്കി

ഹ്യുണ്ടായിയുടെ പ്രീമിയം സെഡാനായ എലാന്‍ഡ്രയുടെ പരിഷ്‌ക്കരിച്ച പതിപ്പ് പുറത്തിറക്കി. 16.3 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എലാന്‍ഡ്രയ്ക്കുള്ളത്. ഡീസല്‍ മോഡല്‍ 22.7 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ആഗോളതലത്തില്‍തന്നെ ഹ്യുണ്ടായിയുടെ ഏറ്റവും വിജയിച്ച മോഡലാണ് എലാന്‍ഡ്ര. ആഗോളതലത്തില്‍ 10 മില്യണ്‍ കാറുകള്‍ വിറ്റഴിച്ച ഹ്യുണ്ടായിയുടെ ഏക മോഡലും, ഈ നേട്ട കൈവരിച്ച 10 കാറുകളിലൊന്നുമാണ് എലാന്‍ഡ്ര.

എന്‍ജിന്‍ ഉള്‍പ്പടെയുള്ള മെക്കാനിക്കല്‍ കാര്യങ്ങളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. പുതുമയുള്ള ഫ്രണ്ട് ബംപര്‍, ക്രോം ഗ്രില്‍, എല്‍ഇഡി ലൈറ്റോടുകൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, പരിഷ്‌ക്കരിച്ച ഫോഗ് ലാംപ് എന്നിവയാണ് പുറമെയുള്ള മാറ്റങ്ങള്‍. അലോയ് വീലിന്റെ രൂപത്തിലും മാറ്റം പ്രകടമാണ്. ബെല്‍റ്റ് ലൈനില്‍ത്തന്നെയുള്ള ക്രോം ഡോര്‍ ഹാന്‍ഡില്‍, പുറകുവശത്തെ രണ്ടു ടോണ്‍ ബംപറുകള്‍ എന്നിവയും പുതിയ പ്രത്യേകതകളാണ്.

ഉള്‍വശത്തുമുണ്ട് ആകര്‍ഷകമായ ഒട്ടനവധി മാറ്റങ്ങള്‍. കറുത്തനിറത്തിലുള്ള ഇന്റീരിയര്‍, ലെതര്‍ സീറ്റുകള്‍, അലൂമിനിയം പെഡല്‍, ആംറെസ്റ്റ്, റിയര്‍ എസി വെന്റ്‌സ് എന്നിവയോടുകൂടിയ കണ്‍സോള്‍ ബോക്‌സ് എന്നീ മാറ്റങ്ങള്‍ ഒറ്റനോട്ടത്തില്‍ത്തന്നെ അറിയാനാകും. 4.3 ഇഞ്ച് ടച്ച്‌സ്‌ക്രീനോടുകൂടിയ ന്യൂ ജെനറേഷന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത. യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആറു എയര്‍ബാഗുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

14.13 ലക്ഷം മുതല്‍ 17.94 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകളുടെ വില. ഡീസല്‍, പെട്രോള്‍ ഓപ്ഷനുകളില്‍ പുതിയ എലാന്‍ഡ്ര ലഭ്യമാകും. 14.13 ലക്ഷം മുതല്‍ 16.45 ലക്ഷം രൂപ വരെയാണ് പെട്രോള്‍ മോഡലുകളുടെ വില. അതേസമയം ഡീസല്‍ മോഡലുകള്‍ക്ക് 14.58 ലക്ഷം മുതല്‍ 17.94 ലക്ഷം രൂപ വരെയായിരിക്കും വില.

അടുത്തിടെയാണ് വെര്‍ണയുടെ പരിഷ്‌ക്കരിച്ച പതിപ്പും ഐ20 ക്രോസ്ഓവറും ഹ്യുണ്ടായി പുറത്തിറക്കിയത്. പുതിയ എലാന്‍ഡ്ര കൂടി പുറത്തിറക്കിയതോടെ വില്‍പന അഞ്ചു ലക്ഷം യൂണിറ്റ് ആക്കുക എന്ന നേട്ടമാണ് ഹ്യുണ്ടായി ലക്ഷ്യമിടുന്നത്.

Top