ഹ്യുണ്ടായ്‌യുടെ ഈ വര്‍ഷത്തെ ലോഞ്ചിംഗ് വാഹനമായി പരിഷ്‌കരിച്ച വെര്‍ണ എത്തുന്നു

ഹ്യുണ്ടായ് ഇന്ത്യയുടെ ഈ വര്‍ഷത്തെ ആദ്യ ലോഞ്ചിംഗ്  വാഹനമായി എത്തുകയാണ് മുഖംമിനുക്കിയെത്തുന്ന വെര്‍ണ. ഈ വര്‍ഷം ഫെബ്രുവരി ആദ്യം വെര്‍ണ വിപണിയിലെത്തും

എന്നാല്‍ മുഖംമാത്രം മിനുക്കിയല്ല, മെക്കാനിക്കലായിട്ടുള്ള മാറ്റങ്ങളുമുണ്ടാകും പുതിയ വെര്‍ണയ്ക്ക്. മോസ്‌കോ ഇന്റര്‍നാഷണല്‍ മോട്ടോ ഷോയിലും ഇത് അവതരിപ്പിച്ചിരുന്നു(സോളാരിസ്).

ഹെഡ്‌ലാംപിനും ഗ്രില്ലുകള്‍ക്കും ബമ്പറിനും വളരെയേറെ മാറ്റങ്ങളുണ്ട്. എല്‍ഇഡി ടെയില്‍ ലാംപുകളും റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വളരെ സ്മാര്‍ട്ടായ ഇന്‍ഫേന്റെയ്ന്‍മെന്റ് സിസ്റ്റവുമൊക്കെയായി ആവും വെര്‍ണ നിരത്തിലെത്തുക. കൂടാതെ പുത്തന്‍ അലോയ് വീലുകളും.

നിലവിലെ ഹോണ്ട സിറ്റി, മാരുതി സിയാസ്, വെന്റോ എന്നിവയോടൊക്കെത്തന്നെയാണ് വെര്‍ണയ്ക്ക് മത്സരിക്കേണ്ടി വരിക. 7.5 – 12 ലക്ഷം രൂപവരെയാണ് വാഹനത്തിന് വില വരുന്നതെന്ന് വിദഗ്ദര്‍ പറയുന്നു.

ഹ്യൂണ്ടായിയുടെ പേരുകേട്ട ഫ്‌ലൂയിഡിക് ഡിസൈനിലുള്ള ഹ്യൂണ്ടായ് വെര്‍ണ 2011 ലാണ് ഇന്ത്യയില്‍ പുറത്തിറങ്ങിയത്. 2014ന്റെ തുടക്കത്തില്‍ ആ സെഗ്മെന്റിലെ മികച്ച വാഹനമെന്ന് അറിയപ്പെട്ടിരുന്നെങ്കിലും പുതിയ സിറ്റിയെത്തിയതോടെ അല്‍പ്പം ഇടിവുണ്ടായി. പിന്നാലെ സിയാസുമെത്തിയതോടെ മൂന്നാം സ്ഥാനത്തേക്കെങ്കിലും പിന്തള്ളപ്പെട്ടു.

Top