ഹോണ്ട ജാസ് ഡീസല്‍ വേര്‍ഷന്‍ എത്തുന്നു

ഒരു കാലത്ത് പെട്രോള്‍ എന്‍ജിന്‍ മോഡലുകളില്‍ മാത്രം വിഹരിക്കുകയായിരുന്നു ഹോണ്ട. അമേസ് സെഡാനിലൂടെ ആദ്യമായി ഡീസല്‍ ലോകത്തെത്തിയ ഹോണ്ട, പെട്രോള്‍ എന്‍ജിന്‍ മാത്രമുണ്ടായിരുന്ന ജാസിലും ഡീസല്‍ എന്‍ജിന്‍ ആവാഹിച്ചു കഴിഞ്ഞു.

ഹാച്ച്ബാക്ക് രംഗത്ത് ജാസ് ഡീസല്‍ പുതു തരംഗം തന്നെ സൃഷ്ടിക്കുമെന്നാണ് ഹോണ്ടയുടെ വിലയിരുത്തല്‍.

ഹോണ്ട സിറ്റിയെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ ജാസിന്റെ മുന്‍ഭാഗം. ശ്രേണിയിലെ എതിരാളികളേക്കാള്‍ അല്പം വലുപ്പമുണ്ട്. അകത്തളത്തില്‍ കറുപ്പഴക് നിറയുന്നു.

1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ഐ ഡിടെക്, 1498 സി.സി എന്‍ജിനാണുള്ളത്. 98.6 ബി.എച്ച്,പി കരുത്തുള്ള എന്‍ജിനാണിത്. ആറ് ഗിയറുകള്‍ നല്‍കിയിരിക്കുന്നു. ലിറ്ററിന് 27.3 കിലോമീറ്റര്‍ മൈലേജ് പ്രതീക്ഷിക്കാം.

രണ്ട് നിരകളിലായി അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന കാറാണിത്. 354 ലിറ്ററാണ് ബൂട്ട് സ്‌പേസ്. പിന്‍ സീറ്റ് മടക്കിവച്ചാല്‍ ഇത് എണ്ണൂറലധികം ലിറ്ററിലേക്ക് ഉയരും.

എയര്‍ ബാഗുകള്‍, എ.ബി.എസ്., ഇ.എസ്.പി., റിയര്‍വ്യൂ ക്യാമറ തുടങ്ങിയ മികച്ച സൗകര്യങ്ങള്‍ ജാസിലുണ്ട്. ആറ് ലക്ഷം രൂപ മുതലാണ് ഹോണ്ട ജാസ് ഡീസല്‍ വേരിയന്റുകള്‍ക്ക് പ്രതീക്ഷിക്കുന്ന വില.

Top