ഹോക്കി ലീഗില്‍ പുതിയ പരീക്ഷണം; ഫീല്‍ഡ് ഗോളിന് ബോണസ്സ് പോയന്റ്

ന്യൂഡല്‍ഹി: കളി കൂടുതല്‍ ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി നാലാം സീസണ്‍ ഹോക്കി ഇന്ത്യ ലീഗ് നിയമങ്ങളില്‍ അടിമുടി മാറ്റം. ഹോക്കി ഇന്ത്യ പ്രഖ്യാപിച്ച പുതിയ നിയമാവലി പ്രകാരം ഹോക്കി ഇന്ത്യ ലീഗില്‍ ഫീല്‍ഡ് ഗോളുകള്‍ക്ക് രണ്ട് ഗോള്‍ പോയന്റുകള്‍ ബോണസ്സായി ലഭിക്കും. പെനാല്‍ട്ടി സ്‌ട്രോക്കില്‍നിന്ന് നേടുന്ന ഗോളുകള്‍ക്ക് ഇതേ ആനുകൂല്യമുണ്ട്. കളിക്കളത്തില്‍ അച്ചടക്കം വര്‍ധിപ്പിക്കുന്നതിനാണിത്.

ലോകത്ത് ഏതെങ്കിലുമൊരു ഹോക്കി ടൂര്‍ണമെന്റില്‍ ഇത്തരം പരീക്ഷണം നടത്തുന്നത് ഇതാദ്യമാണ്.

ടീമിന്റെ ഘടനയിലും പുതിയ ചട്ടപ്രകാരം മാറ്റങ്ങളുണ്ട്. അടുത്ത സീസണില്‍ ഓരോ ഫ്രാഞ്ചൈസിയിലും 20 കളിക്കാരെ ഉള്‍പ്പെടുത്താം. 12 ഇന്ത്യന്‍ കളിക്കാരും എട്ട് വിദേശതാരങ്ങളുമാണ് ടീമിലുണ്ടാകേണ്ടത്. കളിസമയത്ത് രണ്ട് ഗോള്‍കീപ്പര്‍മാരെങ്കിലും റിസര്‍വ് ബെഞ്ചിലുണ്ടാകണം.

പുതിയ ഗോള്‍ സ്‌കോറിങ് സമ്പ്രദായം നടപ്പാക്കുന്നതോടെ ഫീല്‍ഡ് ഗോള്‍ നേടാനുള്ള കളിക്കാരുടെ മികവ് വര്‍ധിക്കുമെന്നാണ് ഹോക്കി ഇന്ത്യ കണക്കുകൂട്ടുന്നത്. ഗോളിനായി പെനാല്‍ട്ടി കോര്‍ണറുകളെ അമിതമായി ആശ്രയിക്കുന്നതിന് മാറ്റംവരുത്താന്‍ സഹായകമാകുമെന്നും കരുതുന്നു. പെനാല്‍ട്ടി സ്‌ട്രോക്കിന് ഗോള്‍ പോയന്റ് നല്‍കുന്നതോടെ കളിക്കാരുടെ പരുക്കന്‍ കളി കുറയുമെന്നും കളത്തില്‍ അച്ചടക്കം വരുത്താനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ലീഗിനു മുന്നോടിയായുള്ള താര ലേലം 17ന് നടക്കും. 135 ഇന്ത്യന്‍ താരങ്ങളും 141 വിദേശികളുമാണു ലേലത്തിനുള്ളത്. ഉത്തര്‍ പ്രദേശ് വിസാര്‍ഡ്‌സ് നിലനിര്‍ത്തിയതിനാല്‍ മലയാളി താരം പി.ആര്‍. ശ്രീജേഷ് ലേലത്തിലുണ്ടാകില്ല. പാഞ്ചാബ് വാറിയേഴ്‌സ്, റാഞ്ചി റേയ്‌സ്, യുപി വിസാര്‍ഡ്‌സ്, ഡല്‍ഹി വേവ് റൈഡേഴ്‌സ്, കലിംഗ ലാന്‍സേഴ്‌സ്, ദബാങ് മുംബൈ എന്നിവയാണു ടീമുകള്‍. നാലാം സീസണിനു ജനുവരി 22നു തുടക്കമാകും.

Top