ഹൈക്കോടതി വിധി ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രി സ്ഥാനത്തിനും ഭീഷണിയാകും

കൊച്ചി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2010-ലെ തെരഞ്ഞെടുപ്പ് രീതിയുമായി മുന്നോട്ട് പോകാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കുന്നതോടെ വെട്ടിലാവുക യു.ഡി.എഫ്.

ചരിത്രത്തിലാദ്യമായി 60 ശതമാനത്തോളം തദ്ദേശ സ്വയംഭരണ സ്ഥാനപനങ്ങളില്‍ വിജയിച്ച 2010-ലെ തിളങ്ങുന്ന വിജയം, പഴയ രീതിയല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടന്നാല്‍ ആവര്‍ത്തിക്കാന്‍ യു.ഡി.എഫിന് കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

സംസ്ഥാന രാഷ്ട്രീയത്തേക്കാള്‍ പ്രാദേശിക വിഷയങ്ങള്‍ സ്വാധീനം ചെലുത്തുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍, യു.ഡി.എഫ് ഭരിക്കുന്ന സ്ഥാപനങ്ങളില്‍ മിക്കതും ആരോപണങ്ങളില്‍പ്പെട്ട് ഉഴലുന്നത് യു.ഡി.എഫിന് തിരിച്ചടിയാകും.

സാമുദായിക അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജനം നടത്തിയെന്ന ആക്ഷേപവും യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

കുടുംബശ്രീ പ്രവര്‍ത്തകരായ പാര്‍ട്ടി അനുഭാവികളെ മുന്‍നിര്‍ത്തി പ്രാദേശിക ഘടകങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ ഇടത് മുന്നണിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സി.പി.എം

കോഴിക്കോട്-തിരുവനന്തപുരം കോര്‍പ്പറേഷനുകളും നിരവധി മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും പിടിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ വിഭജനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ തന്നെ ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു.

മുസ്ലീം ലീഗിന് ജയിച്ച് കയറാന്‍ പറ്റാവുന്ന രീതിയിലാണ് വിഭജനമെന്ന് ആരോപിച്ച് കോഴിക്കോട്, മലപ്പുറം ഡി.സി.സികള്‍ തന്നെ രംഗത്ത് വന്നിരുന്നു.

2010-ലെ പട്ടിക പ്രകാരം തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ നടക്കട്ടെ എന്ന നിലപാടിലാണ് ഇപ്പോള്‍ കെ.പി.സി.സി നേതൃത്വം. അതുകൊണ്ടുതന്നെയാണ് അപ്പീല്‍ പോകാനുള്ള നീക്കത്തെ കോണ്‍ഗ്രസ് നേതൃത്വം നിരുത്സാഹപ്പെടുത്തിയത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാലും നിയമസഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം അനുകൂലമായതിനാല്‍ പേടിക്കേണ്ട കാര്യമില്ലെന്ന നിലപാടിലാണ് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.

എന്നാല്‍ ഈ നിലപാടിനോട് കോണ്‍ഗ്രസിലെ ‘എ’ വിഭാഗം യോജിക്കുന്നില്ല. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്ത് വരാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നിലപാടുകളെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംഘവും കാണുന്നത്.

അരുവിക്കര വിജയത്തില്‍ അജയ്യനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ നേതൃസ്ഥാനത്ത് നിന്ന് മാറ്റാന്‍ കഴിയുമെന്ന ആത്മവിശ്വാസം ‘ഐ’ ഗ്രൂപ്പിനുമുണ്ട്. രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി സ്വപ്നം മുന്‍ നിര്‍ത്തിയാണ് ഈ കണക്കുകൂട്ടല്‍

അതേസമയം കോടതി വിധി മുഖ്യമന്ത്രി കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം പ്രഹരമേല്‍പ്പിച്ചിരിക്കുന്നത് മുസ്ലീം ലീഗിനെയാണ്.

2010-ലെ മാതൃകയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ലീഗിന്റെ പല കോട്ടകളും തകര്‍ന്നടിയുമെന്ന ഭീതിയിലാണ് ലീഗ് നേതൃത്വം.

എപ്പോഴും അധികാരത്തോട് ഒട്ടിനിന്ന ചരിത്രമുള്ള ലീഗിന് താഴെതലംമുതലുള്ള പ്രവര്‍ത്തകര്‍ക്ക് ഭരണ പങ്കാളിത്തം നല്‍കിയില്ലെങ്കില്‍ കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമെന്ന ഭീതിയാണുള്ളത്.

ലീഗ് ഭരിക്കുന്ന പല പഞ്ചായത്തുകളിലും പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം ഭരണ സമിതികള്‍ക്കെതിരെ രംഗത്ത് വരുന്ന സാഹചര്യം വരുന്ന തെരഞ്ഞെടുപ്പില്‍ റിബലുകളെ സൃഷ്ടിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്.

പുതിയ വിഭജനം വഴി പ്രതിസന്ധികള്‍ മറികടക്കാമെന്ന ലീഗ് നേതൃത്വത്തിന്റെ കണക്കു കൂട്ടലുകളാണ് ഇപ്പോള്‍ കോടതി ഇടപെടലോടെ തകര്‍ന്നടിഞ്ഞിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയബന്ധിതമായി നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കണമെന്ന് കൂടി ഹൈക്കോടതി വ്യക്തമാക്കിയതിനാല്‍ ഇനി അപ്പീല്‍ പോയാലും കാര്യമില്ലെന്നാണ് നിയമവിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നത്. ഈ യാഥാര്‍ത്ഥ്യംകൂടി മനസിലാക്കിയാണ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിഞ്ഞത്.

പുതിയ വിഭജനവുമായി മുന്നോട്ട് പോയാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വൈകുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നത്. ഈ ആവശ്യത്തിന് അനുകൂലമാണ് ഇപ്പോഴത്തെ കോടതി വിധി.

69 പഞ്ചായത്തുകളുടെയും 4 മുനിസിപ്പാലിറ്റികളുടെയും രൂപീകരണമുള്‍പ്പെടെയുള്ള സര്‍ക്കാര്‍ നടപടി തടഞ്ഞ സിംഗിള്‍ ബെഞ്ച് വിധിയാണ് ഹൈക്കോടതി ശരിവച്ചത്.

നിലവിലെ സാഹചര്യത്തില്‍ ഇനി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടുകള്‍ അനുസരിക്കുക മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ള പോംവഴി.

ഒക്ടോബര്‍ 31-നാണ് നിലവിലുള്ള ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്നത്. നവംബര്‍ ഒന്നിന് പുതിയ ഭരണ സമിതി നിലവില്‍ വരും.

Top