ഹൈക്കമാന്‍ഡ് കണ്ണുരുട്ടി:പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: മദ്യനയത്തില്‍ സുധീരനെ തള്ളാന്‍ വിളിച്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പിന്മാറിയത് ഹൈക്കമാന്‍ഡിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന്.

കെ.പി.സി.സി പ്രസിഡന്റ് അറിയാതെ അദ്ദേഹത്തിന്റെ നിലപാടുകള്‍ തള്ളിക്കളയാന്‍ വിളിക്കുന്ന എം.എല്‍.എമാരുടെ യോഗം പാര്‍ട്ടി വിരുദ്ധമെന്ന് കണ്ട് നടപടി സ്വീകരിക്കേണ്ടി വരുമെന്ന കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിലപാടാണ് മാറ്റി പ്രസ്താവന ഇറക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടില്ലെന്നും തന്നെ കാണാന്‍ അനുമതി ചോദിച്ച എം.എല്‍.എമാരോട് വരാനാണ് പറഞ്ഞതെന്നും പറഞ്ഞ് മുഖ്യമന്ത്രി തടിതപ്പുകയായിരുന്നു. മുതിര്‍ന്ന നേതാവ് എ.കെ ആന്റണിയുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ഹൈക്കമാന്‍ഡ് കടുത്ത നിലപാടിലേക്ക് തിരിഞ്ഞത്.

സംസ്ഥാന കോണ്‍ഗ്രസ് ഘടകം യോഗം ചേര്‍ന്ന് തീരുമാനിച്ചതിന് ശേഷം ജനപക്ഷ യാത്ര നടത്തിയ കെ.പി.സി.സി പ്രസിഡന്റ് ബാറുകള്‍ അടച്ച് പൂട്ടിയ സര്‍ക്കാര്‍ നടപടിക്ക് അനുകൂലമായി ഉണര്‍ത്തിയ ജനവികാരത്തെ തല്ലിക്കെടുത്തിയ നടപടി ഹൈക്കമാന്‍ഡിനെ ഞെട്ടിച്ചിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള മാറ്റം സര്‍ക്കാരിന് നടത്തണമായിരുന്നുവെങ്കില്‍ ജനപക്ഷ യാത്രയ്ക്ക് മുമ്പ് പാര്‍ട്ടിയെ ബോധ്യപ്പെടുത്തി എടുക്കണമായിരുന്നുവെന്ന നിലപാടാണ് നേതൃത്വത്തിനുള്ളത്.

പാര്‍ട്ടി പ്രസിഡന്റിന്റെ നിലപാടിന് പുല്ല് വില കല്‍പ്പിക്കുന്ന മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഗ്രൂപ്പ് രാഷ്ട്രീയം കളിക്കുന്നതിന്റെ ഭാഗമായാണ് എം.എല്‍.എമാരുടെ യോഗം വിളിച്ച് ചേര്‍ത്തതെന്ന നിരവധി സന്ദേശങ്ങള്‍ ഇതിനകം തന്നെ കോണ്‍ഗ്രസ് ഓഫീസില്‍ എത്തിയിട്ടുണ്ട്.

ഇതുസംബന്ധമായി വി.എം സുധീരന്‍ നല്‍കിയ റിപ്പോര്‍ട്ടും മദ്യലോബിക്കനുകൂലമായി നയംമാറ്റിയ സാഹചര്യവും രാഹുല്‍ ഗാന്ധി പരിശോധിച്ച് വരികയാണെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഗ്രൂപ്പിന്റെ പേരില്‍ സമ്മര്‍ദ്ദം ചെലുത്തിക്കളയാമെന്ന് ആരും കരുതേണ്ടെന്ന ശക്തമായ നിലപാടാണ് രാഹുല്‍ ഗാന്ധിക്കുള്ളതത്രേ. സംസ്ഥാന കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് അന്തിമമായ പരിഹാരം ഉടനെയുണ്ടാകുമെന്ന സൂചനയും കേന്ദ്ര നേതാക്കള്‍ നല്‍കിയിട്ടുണ്ട്.

Top