ഹൂതി വിമതര്‍ക്കെതിരെ യെമനില്‍ സൗദി സഖ്യസേന വ്യോമാക്രമണം ശക്തമാക്കി

സന: ഹൂതി വിമതര്‍ക്കെതിരെ യെമനില്‍ സൗദി സഖ്യ സേന ആക്രമണം ശക്തമാക്കി. ഹൂതികളുടെ ശക്തി കേന്ദ്രമായ സദയായിരുന്നു സൗദിയുടെ ലക്ഷ്യം. കഴിഞ്ഞയാഴ്ച സൗദി അതിര്‍ത്തിയില്‍ ഹൂതി വിമതര്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായിരുന്നു സഖ്യസേനയുടെ ഈ തിരിച്ചടി.

സാധാരണക്കാരോട് ഒഴിഞ്ഞു പോകാന്‍ മുന്നറിയിപ്പ് നല്‍കിയ ശേഷമായിരുന്നു വ്യോമാക്രമണം. എന്നാല്‍ സാധാരണക്കാരെ സദ വിടാന്‍ ഹൂതി വിമതര്‍ അനുവദിച്ചില്ലെന്ന സൂചനയുണ്ട്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതിനാല്‍ മുന്നറിയിപ്പ് സാധാരണക്കാരിലേക്കെത്തിയിട്ടുമില്ല.

ആക്രമണത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്താനായിട്ടില്ല. സദയ്ക്ക് പുറമെ ഹൂതികളുടെ ശക്തി കേന്ദ്രങ്ങളായ ഹജ്ജയിലും അസ്സേറിയിലും സൗദിയുടെ പോര്‍ വിമാനങ്ങള്‍ ബോംബിട്ടു. വിമതരുടെ ആയുധപ്പുരകളും കവചിത വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നു. സനാ വിമാനത്താവളത്തിന്റെ റണ്‍വേയ്ക്കും കേടുപാടുകള്‍ സംഭവിച്ചു. 24 മണിക്കൂറിനിടെ യെമനിലെ 100 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട്, 130 തവണയാണ് സൗദി വ്യോമാക്രമണം നടത്തിയത്.

അതിനിടെ യെമനില്‍ സൗദി നടത്തുന്ന ആക്രമണങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഇറാന്‍ വീണ്ടും രംഗത്തെത്തി. പ്രദേശത്തിന്റെ രാഷ്ട്രീയം മനസിലാക്കാത്ത അപക്വമായ സൗദി നേതൃത്വം നടത്തുന്ന ആക്രമണങ്ങള്‍ക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

Top