ഹുവാവേയുടെ നാല് ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍

ഹുവാവേ നാല് പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. റീട്ടെയില്‍ മേഖലയില്‍ തങ്ങളുടെ ആധിപത്യമുറപ്പിക്കുന്നതിന്റെ ഭാഗമായി ഈ ഫോണുകള്‍ റീട്ടെയില്‍ ഷോപ്പുകള്‍ വഴിയായിരിക്കും വിപണിയിലെത്തുക.

ഓണ്‍ലൈന്‍ വഴിയുള്ള വില്‍പന മാത്രം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ ബ്രാന്‍ഡിനെ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ തടസ്സമാണെന്നാണ് ഹുവാവേ വിലയിരുത്തുന്നത്.

വൈ 336, വൈ 541, വൈ 625, ജി 620 എസ് എന്നീ മോഡലുകളാണ് ചൊവ്വാഴ്ച ഹുവാവേ വിപണിയിലെത്തിച്ച ഫോണുകള്‍. 5,499 രൂപ മുതല്‍ 9,499 രൂപ വരെ വില വരുന്ന ഫോണുകളാണിവ.

നാലിഞ്ച് ഡിസ്‌പ്ലേയും, അഞ്ച് മെഗാ പിക്‌സല്‍ പ്രധാന ക്യാമറയും 2 മെഗാ പിക്‌സല്‍ മുന്‍ക്യാമറയുമുള്ള വൈ 336 ആന്‍ഡ്രോയി!ഡ് കിറ്റ്കാറ്റിലാണ് പ്രവര്‍ത്തിക്കുന്നത്. 512 എം.ബി റാം , 4 ജി ബി ആന്തരിക സ്റ്റോറേജ് എന്നിവയുള്ള ഈ ഫോണിന്റെ ബാറ്ററി 1730 എം എ എച്ച് ശേഷിയുള്ളതാണ്. 5,499 രൂപയ്ക്കാണ് ഹുവാവേ വൈ 336 ലഭ്യമാകുക.

1.2 ജിഗാ ഹെട്‌സ് ക്വാഡ്‌കോര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന 1 ജി ബി റാം ശേഷിയുള്ള 4.5 ഇഞ്ച് ഡിസ്‌പ്ലേ ഫോണാണ് ഹുവാവേ വൈ 541. എട്ട് ജി ബി ആന്തരിക സ്റ്റോറേജ് ശേഷിയുള്ള ഇതിന്റെ പ്രധാന ക്യാമറ 8 മെഗാ പിക്‌സലും മുന്‍ ക്യാമറ 2 മെഗാ പിക്‌സലുമാണ്. കിറ്റികാറ്റ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന്റെ വില 6,499 രൂപയാണ്.

കിറ്റ്കാറ്റില്‍ പ്രവര്‍ത്തിക്കുന്ന 5 ഇഞ്ച് ആന്‍ഡ്രോയിഡ് ഫോണാണ് ഹുവാവേ വൈ 625 .8 മെഗാപിക്‌സല്‍, 2 മെഗാപിക്‌സല്‍ എന്നിങ്ങനെയാണ് ഇനിന്റെയും ക്യാമറകള്‍. 1.2 ജിഗാ ഹെട്‌സ് വേഗതയുള്ള ക്വാഡ് കോര്‍ പ്രോസസര്‍ കരുത്തേകുന്ന ഈ ഫോണിന് 8,497രൂപയാണ് വില.

വൈ 625 മോഡലിന്റെ സവിശേഷതകളോട് സാമ്യമുള്ള 5 ഇഞ്ച് ഫോണാണ്ഹുവാവേ ജി 620 എസ്. 1.2 ജിഗാ ഹെട്‌സ് ഇരട്ട കോര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 4 ജി സപ്പോര്‍ട്ടും ലഭ്യമാണ് 2080 എം എച്ച് ബാറ്ററി കരുത്തേകുന്ന ഈ ഫോണ്‍ 9,499 രൂപയ്ക്കാണ് വിപണിയില്‍ ലഭ്യമാകുക.

Top