ഹീറോ മാസ്റ്ററോ എഡ്ജ് എത്തി; ഹോണ്ട ആക്ടീവയ്ക്ക് വെല്ലുവിളി

ന്യൂഡല്‍ഹി: ഹോണ്ടയുടെ ആക്ടിവയ്ക്ക് വെല്ലുവിളിയുമായി ഹീറോ മാസ്റ്ററോയുടെ പരിഷ്‌കരിച്ച പതിപ്പായ മാസ്റ്ററോ എഡ്ജ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. അടുത്തമാസം മുതല്‍ മാത്രമേ വാഹനം ലഭിച്ചു തുടങ്ങുകയുള്ളു.

ഹീറോയുടെ തന്നെ പുതിയ സ്‌കൂട്ടറായ ഡ്യുവറ്റിനെ വിപണിക്ക് പരിചയപ്പെടുത്തുകയും ചെയ്തു. ഏതാനും ആഴ്ചകൂടി കഴിയുന്നതോടെ ഡ്യുവറ്റ് വിപണിയിലെത്തും. പ്രധാനമായും പുരുഷന്‍മാരെ ലക്ഷ്യംവച്ചാണ് മാസ്റ്ററോ എഡ്ജ് ഇറക്കിയിട്ടുള്ളത്. എന്നാല്‍, ഡ്യുവറ്റ് പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്.

110 സിസിയുടെ എയര്‍കൂള്‍ഡ് എഞ്ചിനാണ് മാസ്റ്ററോ എഡ്ജില്‍ ഉപയോഗിച്ചിട്ടുള്ളത്. 8,000 ആര്‍പിഎമ്മില്‍ 8.31ബിഎച്ച്പി ശക്തി നല്‍കും ഈ എഞ്ചിന്‍. 6,500 ആര്‍പിഎമ്മില്‍ 8.30 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നുണ്ട് മാസ്റ്ററോയുടെ എഞ്ചിന്‍. മുന്‍വശത്ത് ടെലിസ്‌കോപിക് സസ്‌പെന്‍ഷനാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. ഡിസ്‌ക് ബ്രേക്കും പെഡല്‍ ബ്രേക്കും അടങ്ങിയ കംപയ്ന്‍ഡ് ബ്രേക്കിംഗ് സിസ്റ്റമാണ് വാഹനത്തിന്റേത്. വരാനിരിക്കുന്ന ഡ്യുവറ്റിലും ഇതേ കരുത്താണ് ഹീറോ ഉപയോഗിച്ചിട്ടുള്ളത്.

മാസ്റ്ററോ എഡ്ജിന് 12 ഇഞ്ചില്‍ 5 സ്‌പോക് അലയ് വീലുകളാണ് ഉള്ളത്. കണ്‍സോളില്‍ ഡിജിറ്റല്‍ അനലോഗ് മീറ്റര്‍ ഉപയോഗിച്ചിരിക്കുന്നു. ഹെഡ് ലാംപുകളും ടെയ്ല്‍ ലാംപുകളും പരിഷ്‌കരിച്ചിട്ടുണ്ട്. കാഴ്ചയ്ക്ക് ഭംഗിയേറ്റാന്‍ ത്രി ഡി എംബ്ലവും മറ്റു ആകര്‍ഷകത്വങ്ങളും ചേര്‍ത്തു. ഇത് വാഹനത്തെ കൂടുതല്‍ സ്‌പോര്‍ട്ടിയാക്കും. 49,500 മുതല്‍ 50,700 രൂപ വരെയാണ് മാസ്റ്ററോ എഡ്ജിന്റെ ദില്ലിയിലെ എക്‌സ് ഷോറൂം വില.

ഡ്യുവറ്റിലേക്കെത്തുമ്പോള്‍ പുത്തന്‍ പുതിയ രീതിയിലുള്ള മെറ്റല്‍ ബോഡി ഡിസൈനാണ് വാഹനത്തിന്റെ പ്രത്യേകത. മറ്റു കോംപോണന്റ്‌സും എന്‍ജിനും എല്ലാം മാസ്റ്ററോയ്ക്ക് തുല്യമാണ്. പിന്‍വശത്ത് ക്രോം ഫിനിഷ്ഡ് പാനലുകളും ത്രി ഡി എംബ്ലം ഇരട്ട റെയില്‍, ട്യൂബില്ലാത്ത ടയര്‍, ഡിജിറ്റല്‍ അനലോഗ് കണ്‍സോള്‍ എന്നിവയും മാസ്റ്ററോയില്‍ ഉപയോഗിച്ചത് തന്നെയാണ്.

Top