പൊന്നാനിയിലെ പ്രചരണത്തില്‍ മഅദനി എത്തിയത് പിണറായി അറിഞ്ഞില്ല:പാലോളി

മലപ്പുറം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ ചോര്‍ന്നുപോയത് തിരിച്ചറിഞ്ഞ സി.പി.എം ഹിന്ദു വോട്ടുകള്‍ തിരിച്ചു പിടിക്കുന്നതിനുള്ള പണി തുടങ്ങി.

2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് പിണറായി വിജയനും പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅദനിയും ഒന്നിച്ചു വേദി പങ്കിട്ട് പരസ്പരം പുകഴ്ത്തിയത് വാര്‍ത്തയായിരുന്നു.

മഞ്ചേരിയില്‍ ടി.കെ ഹംസ ജയിച്ച ആവേശത്തില്‍ പൊന്നാനി പിടിക്കാനിറങ്ങിയ സി.പി.എം ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ന്യൂനപക്ഷ പ്രീണനം നടത്തുമ്പോള്‍ പാര്‍ട്ടി കേഡര്‍മാരിലെയും അനുഭാവികളിലെയും ഹിന്ദു വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ചോരുന്നതാണ് സി.പി.എം നിലപാട് മാറ്റാന്‍ കാരണം.

പൊന്നാനിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനു ചുക്കാന്‍ പടിച്ചിരുന്ന മുന്‍ മന്ത്രി കൂടിയായ പാലോളി മുഹമ്മദ്കുട്ടി, പ്രചാരണയോഗത്തിലേക്ക് അബ്ദുല്‍ നാസര്‍ മഅദനിയെത്തുമെന്ന് പിണറായി വിജയനടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ്.

അര മണിക്കൂര്‍ മുമ്പ് മാത്രമാണ് ഈ വിവരം പിണറായി അറിയുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. മഅദനി ഞങ്ങള്‍ ക്ഷണിച്ചിട്ട് വന്നതല്ല. ഒരാള്‍ സ്‌റ്റേജില്‍ കയറാന്‍ പാടില്ലെന്ന് പറയാനാകില്ലല്ലോയെന്നും പാലോളി പറഞ്ഞു.

എന്നാല്‍ പൊന്നാനിയില്‍ പിണറായിയും മഅദനിയും വേദി പങ്കിടുന്നത് ദിവസങ്ങള്‍ക്കു മുമ്പേ പാര്‍ട്ടി നേതൃത്വം പ്രചരിപ്പിച്ചിരുന്നു. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ പി.ഡി.പി പങ്കെടുക്കുകയും ചെയ്തിരുന്നു. പൊന്നാനിയില്‍ തോറ്റപ്പോഴാണ് സി.പി.എം- പി.ഡി.പി ബന്ധം തള്ളിപ്പറഞ്ഞത്.

Top