ഹിന്ദു എന്ന വാക്കിന്റെ അര്‍ഥവും നിര്‍വചനവും കേന്ദ്രസര്‍ക്കാരിനും അറിയില്ല

ന്യൂഡല്‍ഹി: ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഹിന്ദുവിന്റെ അര്‍ഥവും നിര്‍വചനവും തേടി ഇന്‍ഡോര്‍ സ്വദേശി ചന്ദ്രശേഖര്‍ ഗൗര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ മറുപടി.

ഭരണഘടനയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടേയും നിയമ വ്യവസ്ഥയുടേയും അടിസ്ഥാനത്തില്‍ എന്താണ് ഹിന്ദുവിന്റെ അര്‍ത്ഥവും നിര്‍വ്വചനവും എന്നായിരുന്നത്രെ ചോദ്യം. എന്നാല്‍, ഇതുസംബന്ധിച്ച് യാതൊരു വിവരവുമില്ലെന്നായിരുന്നു കേന്ദ്ര പൊതു വിവരാവകാശഓഫീസര്‍ രേഖാമൂലം നല്‍കിയ മറുപടി.

ഓരോ വിഭാഗങ്ങളെയും എന്തിന്റെ അടിസ്ഥാനത്തിലാണ് ഹിന്ദുവായി പരിഗണിക്കുന്നതെന്നും ഹിന്ദുവിനെ ഭൂരിപക്ഷസമുദായമായി കണക്കാക്കുന്നതിന് മാനദണ്ഡമെന്താണെന്നും ഗൗര്‍ ചോദിച്ചിരുന്നു. ഇതിനും മറുപടികിട്ടിയില്ല.

ഹിന്ദുവിന്റെ അര്‍ഥവും നിര്‍വചനവും സര്‍ക്കാറിന് അറിയില്ലെങ്കില്‍ ഹിന്ദു വിവാഹനിയമം നിലനില്‍ക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ഗൗര്‍ ചോദിക്കുന്നു.

ഹിന്ദു എന്നതിന് പല വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സിന്ധു നദീതീരത്ത് താമസിച്ചിരുന്നവരെ പേര്‍ഷ്യക്കാര്‍ വിളിച്ചതാണ് ഹിന്ദു എന്നും ചില വാദങ്ങളുണ്ട്. എന്നാല്‍ ഹിന്ദു എന്നത് ഒരു മതം തന്നെയാണ് എന്ന് വാദിയ്ക്കുന്നവരാണ് അധികവും. ഹിന്ദു മതത്തിന്റെ പേരില്‍ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും വരെ ഉണ്ട്.

Top