ഹാപ്പി ന്യൂ ഇയറിന് 350 കോടി കലക്ഷന്‍

ഷാരുഖ് ഖാന്റെ ദീപാവലി ചിത്രം ഹാപ്പി ന്യൂ ഇയര്‍ ലോകത്തെമ്പാടു നിന്നും കലക്റ്റ് ചെയ്തത് 350 കോടി രൂപ. ഇന്ത്യയില്‍ നിന്നുമാത്രം ചിത്രം 200 കോടിയിലധികം കലക്റ്റ് ചെയ്തു. മൂന്നു ദിവസം കൊണ്ട് 100 കോടി ക്ലബില്‍ അംഗത്വം നേടി ഹാപ്പി ന്യൂ ഇയര്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ഇത്രയും തുക കലക്റ്റു ചെയ്യുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് ഹാപ്പി ന്യൂ ഇയര്‍. ഷാരുഖ് ഖാന്റെ നിര്‍മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഫറാഖാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിഷേക് ബച്ചന്‍, ദീപിക പദുക്കോണ്‍, സോനു സൂദ്, ബൊമ്മന്‍ ഇറാനി തുടങ്ങിയവരാണു പ്രധാന താരങ്ങള്‍. ദീപാവലി റിലീസായി തിയെറ്ററിലെത്തിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ സകല കലക്ഷന്‍ റെക്കോഡുകളും തകര്‍ക്കുമെന്നാണ് ബോളിവുഡിലെ സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
ചിത്രത്തിന്റെ പ്രമോഷനായി നിരവധി പദ്ധതികളാണ് ഷാരുഖും സംഘവും നടത്തിയത്. ഷാരുഖ് ഖാന്‍, ഫറാഖാന്‍, ദീപിക പദുക്കോണ്‍, അഭിഷേഖ് ബച്ചന്‍ എന്നിവരടങ്ങുന്ന സംഘം ലോക പര്യടനം നടത്തിയിരുന്നു. ഗൂഗിള്‍, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളുടെ ഓഫിസും ഇവര്‍ സന്ദര്‍ശിച്ചു. സോഷ്യല്‍ മീഡിയകളിലും വമ്പിച്ച പ്രചാരണമാണ് ചിത്രത്തിനായി നടത്തിയത്. ഇതെല്ലാം വന്‍ വിജയമായെന്നാണ് ചിത്രത്തിന്റെ കലക്ഷന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Top