ഇറാനും സൗദിയും പോരില്‍;യഥാര്‍ത്ഥ മരണ കണക്ക് പുറത്തു വിടണമെന്ന് ആവശ്യം

ടെഹ്‌റാന്‍: ഹജ്ജ് തീര്‍ഥാടനത്തിനിടെ മക്കയില്‍ 769 തീര്‍ത്ഥാടകര്‍ മരിച്ച ദുരന്തത്തെ ചൊല്ലി ഇറാനും സൗദി അറേബ്യയും തമ്മിലുള്ള പോര് മുറുകുന്നു. തിക്കിലും തിരക്കിലും തങ്ങളുടെ 464 തീര്‍ഥാടകര്‍ മരിച്ചതായാണ് ഒടുവില്‍ ഇറാന്‍ വെളിപ്പെടുത്തിയത്. യഥാര്‍ത്ഥ മരണസംഖ്യ സൗദി മറച്ചുവെക്കുകയാണ്. ദുരന്തത്തില്‍ മൊത്തം ആയിരത്തിലധികം തീര്‍ഥാടകരാണ് മരിച്ചത്. കാണാതായവരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഇറാന്‍ ആരോപിച്ചു.

സുരക്ഷ ഒരുക്കുന്നതിലുണ്ടായ വീഴ്ചയും ദുരന്തം സംബന്ധിച്ച യാഥാര്‍ഥ കണക്കുകള്‍ പുറത്തുവിടാത്തതും സൗദിയുടെ അനാസ്ഥയാണെന്ന് ഇറാന്‍ കുറ്റപ്പെടുത്തി.

ദുരന്തത്തിനിടയാക്കിയ വീഴ്ചയ്ക്ക് സൗദി മാപ്പുപറയണമെന്നും ദുരന്തത്തിനിരയായ ഇറാന്‍കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവരുമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നല്‍കിയിരുന്നു.

മരിച്ച ഇറാന്‍കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്ന് ഇറാന്‍ ഹജ്ജ് വിഭാഗം തലവന്‍ സയ്യിദ് ഒഹ്ദി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന്റെയോ ഔദ്യോഗിക അനുമതിയോ കൂടാതെ ഇറാന്‍കാരുടെ സംസ്‌കാരം സൗദിയില്‍ നടത്തരുതെന്ന് നേരത്തെ സൗദിയും ഇറാനും കരാറിലെത്തിയിരുന്നു.

ദുരന്തത്തിന്റെ മറവില്‍ ഇറാന്‍ രാഷ്ട്രിയനേട്ടത്തിന് ശ്രമിക്കുകയാണെന്ന് സൗദി വിദേശകാര്യമന്ത്രി അദ്ല്‍ അല്‍ ജുബൈര്‍ പറഞ്ഞു. ദുരന്തത്തില്‍ 769 തീര്‍ഥാടകര്‍ മരിച്ചതായും 934 പേര്‍ക്ക് പരിക്കേറ്റതായുമാണ് സൗദിയുടെ ഔദ്യോഗിക കണക്ക്.

എന്നാല്‍ പ്രശ്‌നത്തില്‍ മൗനം പാലിക്കുകയാണ് മറ്റു മുസ്‌ലിം രാഷ്ട്രങ്ങള്‍. ദുരന്തത്തിന്റെ പേരില്‍ സൗദിയെ പിണക്കിയാല്‍ അടുത്ത തവണ ഹജ്ജ് ക്വാട്ട വെട്ടിക്കുറക്കുമോ എന്ന ആശങ്കയാണ് പല രാജ്യങ്ങളെയും സൗദിക്കെതിരെ പ്രതികരിക്കുന്നതില്‍ നിന്നും തടയുന്നത്. ഹജ്ജ് ദുരന്തത്തില്‍ സൗദിയുടെ പാകപ്പിഴകള്‍ മറച്ചുവെക്കുകയായിരുന്നു സൗദി മാധ്യമങ്ങള്‍. അല്‍ജസീറയും പാശ്ചാത്യമാധ്യമങ്ങളുമാണ് സൗദി സര്‍ക്കാരിന്റെ പിടിപ്പുകേട് തുറന്നുകാട്ടിയത്.

Top