സൗദി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു

റിയാദ്: സൗദി അറേബ്യയിലെ അബഹയില്‍ സൈനിക ആസ്ഥാനത്തെ പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടന ഏറ്റെടുത്തു. ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള ഐസിസിന്രെ പ്രസ്താവന സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രചരിക്കുന്നുണ്ട്. എന്നാല്‍, പള്ളിയെക്കുറിച്ച് പരാമര്‍ശിക്കാതെ പ്രത്യേക ദ്രുതകര്‍മ്മ സേനയുടെ ‘മിലിറ്ററി ക്യാമ്പ്’ ആക്രമിച്ചെന്നാണ് ഐസിസ് പ്രസ്താവനയില്‍ സൂചിപ്പിക്കുന്നത്.

അതേസമയം, വ്യാഴാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അസിര്‍ പ്രവിശ്യയിലെ അബഹയില്‍ സുരക്ഷാ സേനയുടെ പ്രത്യേക ദ്രുതകര്‍മ്മ സേനാ വിഭാഗത്തിന്റെ ആസ്ഥാനത്തുള്ള പള്ളിയിലാണ് വ്യാഴാഴ്ച ചാവേര്‍ സ്‌ഫോടനമുണ്ടായത്. മരിച്ചവരില്‍ പന്ത്രണ്ടു പേര്‍ സൈനികരാണ്. ചാവേര്‍ ശരീരത്ത് ബെല്‍റ്റ് ബോംബ് സ്ഥാപിച്ച് എത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

ന്യൂനപക്ഷ ഷിയാ വിഭാഗത്തിനെതിരെ ആക്രമണം നടത്തണമെന്ന് സൗദി അറേബ്യയിലെ അനുയായികളോട് കഴിഞ്ഞ വര്‍ഷമാണ് ഐസിസ് ആഹ്വാനം നല്‍കിയത്. ഈ വര്‍ഷം മേയില്‍ ഖാത്തിഫിലെയും ദമാമിലെയും ഷിയാ പള്ളികള്‍ക്ക് നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനങ്ങളില്‍ ഇരുപത്തഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു. സൈനിക ആസ്ഥാനങ്ങളും പള്ളികളും ആക്രമിക്കാന്‍ പദ്ധതിയിട്ട ഐസിസ് പ്രവര്‍ത്തകരെന്നു സംശയിക്കുന്ന 431 പേരെ സൗദി കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.

Top