അനുമതി കിട്ടിയില്ല; ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള വിമാനങ്ങള്‍ ഇന്ന് പുറപ്പെടില്ല

യെമനിലെ കലാപഭൂമിയില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് മസ്‌കറ്റിലെത്തിയ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ ഇന്ന് യെമനിലേക്ക് പോകില്ല. സൗദിയില്‍ നിന്നും അനുമതി കിട്ടാത്തതിനിലാണ് വിമാനങ്ങള്‍ മസ്‌കറ്റില്‍ തന്നെ കുടുങ്ങിയത്. അതേസമയം ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ രണ്ട് കപ്പലുകള്‍ യെമനിലേക്ക് തിരിച്ചു. സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്നും മൂന്ന് മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി.

180 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളാണ് ഇന്ന് രാവിലെ ന്യൂഡല്‍ഹിയില്‍ നിന്നും മസ്‌കറ്റ് വഴി യെമനിലെ സനയിലേക്ക് തിരിച്ചത്. എന്നാല്‍ സൗദിയുടെ അനുമതി ലഭിക്കാത്തതിനാല്‍ വിമാനങ്ങള്‍ക്ക് ഇന്ന് യെമനിലേക്ക് പുറപ്പെടാന്‍ കഴിയില്ല. 360 ഓളം ഇന്ത്യക്കാരെ രണ്ട് വിമാനങ്ങളിലായി നാട്ടിലെത്തിക്കാനായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പദ്ധതി. ആദ്യ വിമാനം ഇന്ന് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സനയിലെ വിമാനത്താവളം 3 മണിക്കൂര്‍ ഉപയോഗിക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

യെമനില്‍ കുടുങ്ങി പോയ കൂടുതല്‍ ഇന്ത്യക്കാരുടെ രക്ഷയ്ക്കായി രണ്ട് സായുധ കപ്പലുകള്‍ കൂടി ഇന്ത്യയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. എംവി കവരത്തി, കോറല്‍ സീ എന്നീ കപ്പലുകളാണ് കൊച്ചിയില്‍ നിന്നും പുറപ്പെട്ടത്.ഏഴ് ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും ഇവ യെമനിനടുത്തുള്ള ജിബോട്ടിയില്‍ എത്തുക. മുംബൈയില്‍ നിന്നും നാവികസേനയുടെ സഹായവും കപ്പലുകള്‍ക്കുണ്ടാകും. കപ്പല്‍മാര്‍ഗം 1300 പേരെ തിരികെയെത്തിക്കാനാണ് വിദേശകാര്യമന്ത്രാലയം ആലോചിക്കുന്നത്.

ഇതിനിടെ യെമനില്‍ കുടുങ്ങിയിരിക്കുന്ന ഇന്ത്യക്കാരുടെ സാഹചര്യങ്ങള്‍ ദുരിതപൂര്‍ണ്ണമാണെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരുടെ പാസ്‌പോര്‍ട്ടുകള്‍ ആശുപത്രി അധികൃതര്‍ പിടിച്ചുവെച്ചതായി റിപ്പോര്‍ട്ടുണ്ട്. കുടിവെള്ളം പോലും ലഭിക്കാത്ത അവസ്ഥ നിലവിലുണ്ടെന്ന് മലയാളി നേഴ്‌സായ മിനിയെ ഉദ്ധരിച്ച് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Top