സ്‌പോര്‍ട്‌സ് ഹെഡ്‌സെറ്റുകളുമായി സെന്നെയ്‌സര്‍ ഇന്ത്യന്‍ വിപണിയില്‍

മികച്ച നിലവാരമുള്ള സ്‌പോര്‍ട്‌സ് ഹെഡ്‌സെറ്റുകള്‍ ജാപ്പനീസ് കമ്പനിയായ സെന്നെയ്‌സര്‍ ഇന്ത്യയില്‍ എത്തിച്ചു. 2015ലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ അവതരിപ്പിച്ച സ്‌പോര്‍ട്‌സ് വേരിയന്റിലെ ഹെഡ്‌സെറ്റുകളാണ് സെന്നെയ്‌സര്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്. 2015ലെ മികച്ച പ്രോഡക്ട് ഡിസൈനുള്ള റെഡ് ഹോട്ട് പുരസ്‌ക്കാരം ഉള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ ഹെഡ്‌സെറ്റ് മോഡലുകളാണ് സെന്നെയ്‌സര്‍.

പിഎംഎക്‌സ് 686, ഒസിഎക്‌സ് 686, എംഎക്‌സ് 686, സിഎക്‌സ് 686 എന്നിങ്ങനെ നാലു വ്യത്യസ്ത മോഡലുകളാണ് പുറത്തിറക്കിയത്. എംഎക്‌സ് 686, സിഎക്‌സ് 686 മോഡലുകള്‍ക്ക് 4990 രൂപയും ഐഫോണ്‍ ഉപയോക്താക്കള്‍ക്കായുള്ള പിഎംഎക്‌സ് 686 സ്‌പോര്‍ട്, ഒസിഎക്‌സ് 686 സ്‌പോര്‍ട് മോഡലുകള്‍ക്ക് 7990 രൂപയുമായിരിക്കും വില.

ഇന്‍ബില്‍റ്റ് മൈക്, ശബ്ദം ക്രമീകരിക്കാനും കോളുകള്‍ സ്വീകരിക്കാനുമുള്ള സംവിധാനവും നാലു മോഡലുകളിലുമുണ്ടാകും. അതേസമയം അധികസുരക്ഷ ലക്ഷ്യമിട്ടുള്ള നെക്ക്ബാന്‍ഡ് രൂപകല്‍പന പിഎംഎക്‌സ് 686 സ്‌പോര്‍ട്, ഒസിഎക്‌സ് 686 സ്‌പോര്‍ട് മോഡലുകളില്‍ മാത്രമായിരിക്കും ഉണ്ടാകുക.

ലോക വിപണിയില്‍ മികച്ച പ്രതികരണമാണ് സെന്നെയ്‌സര്‍ സ്‌പോര്‍ട്‌സ് മോഡല്‍ ഹെഡ്‌ഫോണുകള്‍ കൈവരിച്ചത്. ഈ വിജയം ഇന്ത്യയിലും തുടരാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Top