കാടിന്റെ മക്കളുടെ കരവിരുതില്‍ വിസ്മയമായി ഭീമന്‍ പൂക്കളം;സ്‌നേഹപത്തായം ചരിത്രമായി

നിലമ്പൂര്‍: കാടിന്റെ മക്കളായ ആദിവാസി കുട്ടികള്‍ തീര്‍ത്ത സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പൂക്കളവും നൂറു പേര്‍ വീതം ചുവടുവെച്ച മെഗാതിരുവാതിരക്കളിയുമായി നിലമ്പൂര്‍ നഗരസഭ കാരുണ്യത്തിന്റെ ഓണാഘോഷത്തിന് തുടക്കമിട്ടു.

നിലമ്പൂരിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അവര്‍ക്കാവശ്യമായ സഹായം എത്തിക്കുന്ന ‘സ്‌നേഹപത്തായം’ പദ്ധതിയിലേക്ക് വിഭവങ്ങള്‍ സമാഹരിക്കാനാണ് ഭീമന്‍ പൂക്കളമടക്കമുള്ള ഓണാഘോഷം നടത്തുന്നത്.

പണമായല്ലാതെ വസ്തുക്കള്‍ സമാഹരിച്ച് അത് ആവശ്യമായവര്‍ക്ക് എത്തിച്ചു നല്‍കുന്ന മാതൃകാ പദ്ധതിയാണ് സ്‌നേഹപത്തായം. കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകളുമില്ലാതെയാണ് നിലമ്പൂര്‍ ഈ നന്‍മയുടെ പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നത്.

ഇതിന് തുടക്കമിട്ട് പൂവിളികള്‍ക്കും ഓണപ്പാട്ടിന്റെയും അകമ്പടിയോടെ 200 ആദിവാസികുട്ടികള്‍ ചേര്‍ന്ന് 7000 ചതുരശ്ര അടിയില്‍ ആറു നിറങ്ങള്‍ ചാലിച്ച് ആറ് ടണ്‍ പൂക്കള്‍കൊണ്ട് മനോഹരമായ പൂക്കളം തീര്‍ത്തപ്പോള്‍ അതൊരു വിസ്മയ കാഴ്ചയായി.

വെളിയംതോട്ടെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെയും നിലമ്പൂരിലെ കോളിനികളിലെയും ആദിവാസി കുട്ടികള്‍ ചേര്‍ന്നാണ് പാവങ്ങളെ സഹായിക്കാനുള്ള നിലമ്പൂര്‍ നഗരസഭയുടെ സ്‌നേഹപത്തായം പദ്ധതിയുടെ സന്ദേശം പ്രതിഫലിപ്പിക്കുന്ന പൂക്കളം ഒരുക്കിയത്.

പുലര്‍ച്ചെ അഞ്ചു മുതല്‍ രാവിലെ 11വരെ ആറ് മണിക്കൂര്‍ നീണ്ട പ്രയത്‌നമായിരുന്നു പൂക്കളം ഒരുക്കാന്‍. നാനാ ജാതി മതസ്ഥര്‍ ഒരു കുടക്കീഴില്‍ കാരുണ്യത്തിന്റെ ദീപം തെളിയിക്കുന്ന സന്ദേശമായിരുന്നു പൂക്കളം. വൃത്താകൃതിയിലെ കുടയില്‍ 24 അരക്കാലുകളില്‍ ദീപം തെളിഞ്ഞു നില്‍ക്കുന്ന പൂക്കളം മനംകവരുന്ന കാഴ്ചയായി.

അഞ്ച് ദിവസം നീളുന്ന ഓണാഘോഷപരിപാടികള്‍ നിലമ്പൂരിലെ എട്ട് ഊരുകളിലെ ആദിവാസി മൂപ്പന്‍മാര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കറുപ്പന്‍ മൂപ്പന്‍ (മലാംകുന്ന്), കൃഷ്ണന്‍കുട്ടി മൂപ്പന്‍(പാലക്കയം), ഗോപാലകൃഷ്ണന്‍ മൂപ്പന്‍(ഓടക്കയം), ചാത്തന്‍ മൂപ്പന്‍(അളക്കല്‍), കണ്ണന്‍ മൂപ്പന്‍ (പുഞ്ചക്കൊല്ലി), മാരന്‍ മൂപ്പന്‍ (അപ്പന്‍കാപ്പ്), അമ്പുമല കറപ്പന്‍മൂപ്പന്‍ ( മലാംകുണ്ട്), ചന്തുട്ടി മൂപ്പന്‍ (നെടുങ്കയം) എന്നിവര്‍ ചേര്‍ന്നാണ് ഭദ്ര ദീപം തെളിച്ചത്.

ജീവിതത്തില്‍ ഒരിക്കല്‍പോലും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാത്ത മൂപ്പന്‍മാര്‍ ചേര്‍ന്ന് ഓണപ്പരിപാടികള്‍ ഉദ്ഘാടനം ചെയ്തത് അപൂര്‍വ്വ അനുഭവമായിരുന്നു. ആദിവാസി മൂപ്പന്‍മാര്‍ കൊളുത്തിയ ഭദ്രദീപത്തില്‍ നിന്നും തീപകര്‍ന്ന് പൂക്കളം തീര്‍ത്ത് ആദിവാസി കുട്ടികള്‍ മണ്‍ചെരാതുകള്‍ തെളിച്ചു.

ആദിവാസി മൂപ്പന്‍മാര്‍ക്ക് നഗരസഭാ ചെയര്‍മാനും സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരും ഓണക്കോടി നല്‍കി ആദരിച്ചു.

സ്‌നേഹപ്പത്തായത്തിലേക്കുള്ള വിഭവസമാഹരണം അളക്കല്‍ കോളനി മൂപ്പന്‍ ചാത്തനും ഭാര്യ ചന്ദ്രികയും കാട്ടുതേനും കുടമ്പുളിയും നഗരസഭാ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന് കൈമാറി ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന ചടങ്ങിനു ശേഷം പൂക്കളത്തിനു ചുറ്റും നൂറു പേര്‍ വീതമുള്ള മെഗാ തിരുവാതിരക്കളി മത്സരവും അരങ്ങേറി. കേരളത്തിലെ വലിയ ആദിവാസി പൂക്കളവും മെഗാതിരുവാതിരക്കളിയും കാണാന്‍ നാടിന്റെ നാനാ ദിക്കില്‍ നിന്നും നൂറുകണക്കിനാളുകളാണ് നിലമ്പൂരിലേക്ക് ഒഴുകിയെത്തിയത്.

Top