സ്‌കോഡ ഒക്ടേവിയയുടെ പരിമിതകാല പതിപ്പായ ആനിവേഴ്‌സറി എഡീഷന്‍ എത്തി

ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പില്‍പെട്ട ചെക്ക് നിര്‍മാതാക്കളായ സ്‌കോഡ, പ്രീമിയം സെഡാനായ ഒക്ടേവിയയുടെ പരിമിതകാല പതിപ്പായ ആനിവേഴ്‌സറി എഡീഷന്‍ പുറത്തിറക്കി. ഇന്ത്യയില്‍ ആദ്യമായി സ്മാര്‍ട്‌ലിങ്ക് കണക്ടിവിറ്റിയോടെ വില്‍പ്പനയ്‌ക്കെത്തുന്ന കാറാണ് ഇതെന്നു സ്‌കോഡ ഓട്ടോ ഇന്ത്യ അവകാശപ്പെട്ടു. പരിമിതകാലത്തേക്കു മാത്രമാവും ഒക്ടേവിയ ആനിവേഴ്‌സറി എഡീഷന്‍ വില്‍പ്പനയ്ക്കുണ്ടാവുകയെന്നും കമ്പനി അറിയിച്ചു.

റിയര്‍വ്യൂ കാമറ, താക്കോല്‍രഹിത എന്‍ട്രി, എന്‍ജിന്‍ സ്റ്റാര്‍ട് സ്റ്റോപ് സൗകര്യം, പിന്നില്‍ എയര്‍ബാഗ്, സ്റ്റീയറിങ് വീലില്‍ ഗീയര്‍ഷിഫ്റ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാമായി എത്തുന്ന ഒക്ടേവിയ ആനിവേഴ്‌സറി എഡീഷന് 15.75 ലക്ഷം രൂപയാണു ഡല്‍ഹി ഷോറൂമില്‍ വില. പിന്നില്‍ രണ്ടെണ്ണം കൂടിയെത്തിയതോടെ ഒക്ടേവിയ ശ്രേണിയിലെ മൊത്തം എയര്‍ബാഗുകളുടെ എണ്ണം എട്ടായെന്നും സ്‌കോഡ ഓട്ടോ ഇന്ത്യ അറിയിച്ചു.

കാറിലെ ഇന്‍ഫൊടെയ്ന്‍മെന്റ് സംവിധാനത്തിന്റെ സ്‌ക്രീന്‍ വഴി തിരഞ്ഞെടുത്ത സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അവസരമാണ് ഈ സൗകര്യം നല്‍കുന്നത്. ‘ഒക്ടേവിയ’യിലെ സ്മാര്‍ട്‌ലിങ്ക് ഫംക്ഷനില്‍ ആപ്പില്‍ കാര്‍ പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ ലിങ്ക് സിസ്റ്റം എന്നിവയാണു സ്‌കോഡ ലഭ്യമാക്കുക. സ്മാര്‍ട് ഫോണില്‍ നിന്ന് ഇഷ്ടഗാനങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യവും മാര്‍ഗനിര്‍ദേശങ്ങള്‍ സ്വീകരിക്കാനുള്ള സംവിധാനവുമൊക്കെ സ്മാര്‍ട്‌ലിങ്ക് ഫംക്ഷനില്‍ ലഭ്യമാവും.

Top