സ്‌കൂള്‍ രാഷ്ട്രീയം നിരോധിച്ചത് തെറ്റായിരുന്നുവെന്ന് ആന്റണിയുടെ കുമ്പസാരം

തിരുവനനന്തപുരം: ക്യാംപസുകളെ അരാഷ്ട്രീയ വല്‍ക്കരിച്ചതിന് ഒടുവില്‍ എ.കെ ആന്റണിയുടെ കുമ്പസാരം.

ജാതി-മത സംഘടനകള്‍ വിദ്യാലയങ്ങളില്‍ പിടിമുറുക്കിയ അപകടകരമായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സ്‌കൂളുകളില്‍ രാഷ്ട്രീയം നിരോധിച്ച തന്റെ ഭരണകാലത്തെ തെറ്റ് ആന്റണി തുറന്ന് പറഞ്ഞത്.

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് പകരം സ്‌കൂളുകളിലും കോളജുകളിലും ജാതി-മത സംഘടനകള്‍ പിടിമുറുക്കിയിരിക്കുകയാണെന്നും ചെറിയ പ്രായത്തില്‍ തന്നെ വിദ്യാര്‍ത്ഥികളില്‍ ജാതി -മത ഭ്രാന്ത് കുത്തിവയ്ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സ്വകാര്യ വിദ്യാഭ്യാസ മേഖല അഴിമതിയുടെ കേന്ദ്രമായി മാറിയെന്നും ആന്റണി തുറന്നടിച്ചു.

വിദ്യാലയങ്ങളില്‍ രാഷ്ട്രീയം നിരോധിക്കുന്നതിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ നേതൃത്വങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കിയതും ആന്റണി ഇപ്പോള്‍ നിരത്തിയ ഇതേകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു.

രാഷ്ട്രീയ ബോധമില്ലാതാകുന്നതോടെ വിദ്യാലയങ്ങള്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെടുകയും ചെയ്യുമെന്ന വിമര്‍ശനങ്ങളെ ആന്റണിയും വലതുപക്ഷ മാധ്യമങ്ങളും പരിഹാസത്തോടെയാണ് കണ്ടിരുന്നത്.

സംഘടനാ നിരോധനം വന്ന് രണ്ട് പതിറ്റാണ്ടിന് ശേഷം തന്റെ മുന്‍ നിലപാട് തിരുത്തി നിരോധനത്തിന് മുന്‍കൈയെടുത്ത ആന്റണി തന്നെ രംഗത്ത് എത്തുന്നത് വീണ്ടും വിദ്യാലയങ്ങളിലെ സംഘടനാ പ്രവര്‍ത്തനത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതാണ്.

അക്രമ രാഷ്ട്രീയവും പഠിപ്പ് മുടക്കും മാത്രം ചര്‍ച്ചാ വിഷയമാക്കി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ നന്മകള്‍ തിരസ്‌കരിച്ച പത്ര മുത്തശ്ശി അടക്കമുള്ളവരാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ കടയ്ക്ക് കത്തി വച്ചിരുന്നത്.

ഇപ്പോള്‍ സ്‌കൂളിന് പുറമേ കോളജിലും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് പല മാനേജ്‌മെന്റുകളും വിലക്കേര്‍പ്പെടുത്തുന്ന സാഹചര്യത്തിലാണ് ആന്റണിയുടെ പ്രതികരണമെന്നത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്കും ആവേശമായിട്ടുണ്ട്.

Top