സ്‌കൂട്ടര്‍ കയറ്റുമതിയില്‍ നേട്ടം കൊയ്ത് ഹീറോ

ഇരുചക്രവാഹന കയറ്റുമതിയില്‍ ഹീറോ മോട്ടോ കോര്‍പ് മുന്നില്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ 2014ല്‍ 84,690 സ്‌കൂട്ടറുകളാണ് കയറ്റുമതി ചെയ്തത്.

മുന്‍ പങ്കാളിയായ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ(എച്ച് എം എസ് ഐ)യെ പിന്തള്ളിയാണ് ഹീറോ നേട്ടം കൈവരിച്ചത്.

2013ലെ ഹീറോയുടെ കയറ്റുമതിയാവട്ടെ വെറും 15,776 സ്‌കൂട്ടറുകളായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സ്‌കൂട്ടര്‍ കയറ്റുമതിയില്‍ അഞ്ചര ഇരട്ടിയോളം വളര്‍ച്ച നേടാനും ഹീറോ മോട്ടോ കോര്‍പിനായി.

2014ല്‍ 79,184 സ്‌കൂട്ടറുകളായിരുന്നു എച്ച് എം എസ് ഐയുടെ കയറ്റുമതി; 2013നെ അപേക്ഷിച്ച് 85 ശതമാനത്തോളം അധികമാണിത്.

കഴിഞ്ഞ വര്‍ഷം രാജ്യാന്തര വിപണിയില്‍ തകര്‍പ്പന്‍ വില്‍പ്പനയാണു കമ്പനിയുടെ സ്‌കൂട്ടറുകള്‍ കൈവരിച്ചതെന്നു ഹീറോ മോട്ടോ കോര്‍പ് ആഗോള ബിസിനസ് വിഭാഗം മേധാവി ദീപക് മൊകാഷി അഭിപ്രായപ്പെട്ടു.

നിലവില്‍ രണ്ടു സ്‌കൂട്ടറുകളാണു ഹീറോ മോട്ടോ കോര്‍പിന്റെ ശ്രേണിയിലുള്ളത്: ‘പ്ലഷര്‍, ‘മാസ്‌ട്രോ. വൈകാതെ രണ്ടു പുതിയ സ്‌കൂട്ടറുകള്‍ കൂടി പുറത്തിറക്കാന്‍ ഹീറോ മോട്ടോ കോര്‍പിനു പദ്ധതിയുണ്ട്: 110 സി സി വിഭാഗത്തില്‍ ‘ഡാഷ്, 125 സി സി വിഭാഗത്തില്‍ ‘ഡെയര്‍ എന്നിവയാണു കമ്പനി അവതരിപ്പിക്കുക.

Top