സ്വാമി ബ്രഹ്മ വിഹാരി ദാസിനെതിരെയുള്ള പ്രതിഷേധം; ഐ.ബി അന്വേഷണം തുടങ്ങി

തിരുവനന്തപുരം: മുന്‍ രാഷട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പുസ്തക പ്രകാശന ചടങ്ങ് വിവാദമായത് സംബന്ധിച്ച് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.

ലോകത്തെ ഏറവും വലിയ ഹിന്ദു ക്ഷേത്രമായ യമുനാ തീരത്തെ അക്ഷര്‍ധാം ക്ഷേത്രമടക്കം രാജ്യത്തിനകത്തും പുറത്തും നിരവധി മഠങ്ങളും മറ്റ് സ്ഥാപനങ്ങളുമുള്ള നാരായണ്‍ സന്‍സ്ഥ എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി കേരളത്തിലെത്തിയ സ്വാമി ബ്രഹ്മ വിഹാരി ദാസിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളും പ്രതിഷേധകരുടെ ഉദ്യേശ ശുദ്ധിയുമാണ് ഐ.ബി പരിശോധിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവരുമായി വളരെ അടുത്ത ബന്ധമുള്ള മഠത്തിലെ സ്വാമിമാരെ മോശക്കാരാക്കാനും അതുവഴി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും ആസൂത്രിതമായ നീക്കം നടന്നിട്ടുണ്ടോയെന്ന കാര്യം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പ്രത്യേകം അന്വേഷിക്കുന്നുണ്ട്.

അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആശ്രമം പ്രതിനിധി സ്വാമി ബ്രഹ്മ വിഹാരി ദാസ് പാലക്കാട് വച്ച് മടങ്ങി പോയില്ലായിരുന്നുവെങ്കില്‍ അദ്ദേഹത്തിനെതിരെ ആക്രമണം നടക്കുമായിരുന്നുവെന്നും ഇത് സംസ്ഥാനത്തിനകത്ത് മാത്രമല്ല രാജ്യ വ്യാപകമായി തന്നെ വലിയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുമായിരുന്നുവെന്ന വിലയിരുത്തലിലാണ് ഐ.ബി ഉദ്യോഗസ്ഥര്‍.

ഇന്നലത്തെ സാഹചര്യം അതീവ ഗുരുതരമായിരുന്നുവെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യാഥിതിയായി സ്വാമി ബ്രഹ്മ വിഹാരി ദാസിനെ ക്ഷണിച്ച പുസ്തക പ്രസാധകരുടെ ഉദ്യേശ ശുദ്ധിയും ഇതുസംബന്ധമായി വിവര്‍ത്തക ശ്രീദേവി എസ് കര്‍ത്താ ഫേസ്ബുക്ക് വഴി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതും വിശദമായി പരിശോധിക്കുന്നതിനോടൊപ്പം പ്രതിഷേധവുമായി രംഗത്ത് വന്ന സംഘടനകളുടെ ‘താല്‍പര്യ’ങ്ങളും ഐ.ബി പരിശോധിക്കുന്നുണ്ട്.

സാമുദായിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ പ്രതിഷേധക്കാരുടെ ഇടയില്‍ ആരെങ്കിലും നുഴഞ്ഞ് കയറിയിരുന്നോ എന്നതും അന്വേഷണ ഉദ്യോഗസ്ഥരെ അലട്ടുന്ന പ്രധാന ചോദ്യമാണ്.

സ്ത്രീകള്‍ വേദിയില്‍ പാടില്ലെന്ന് പ്രസാധകരോട് പറഞ്ഞിരുന്നോ എന്നത് സംബന്ധിച്ച് സ്വാമി ബ്രഹ്മ വിഹാരി ദാസിനോടും ആശ്രമ അധികൃതരോടും രഹസ്യാന്വേഷണ വിഭാഗം വിശദീകരണം തേടുമെന്നാണ് സൂചന.

ഇത്തരമൊരു ആവശ്യം ഉന്നയിച്ചില്ലെന്ന് ആശ്രമ അധികൃതര്‍ വ്യക്തമാക്കിയാല്‍ ബോധപൂര്‍വ്വം സാമുദായിക സ്പര്‍ദ്ദ ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരിന് നടപടി സ്വീകരിക്കേണ്ടി വരുമെന്നാണ് ഐ.ബി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവും.

കേന്ദ്ര ആഭ്യന്തര വകുപ്പ് വളരെ ഗൗരവമായി ഈ വിഷയത്തില്‍ ഇടപെട്ടതിനാല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ഇന്റലിജന്‍സ് അധികൃതരോട് ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

Top