സ്വാമിയെ ‘കരുവാക്കി’ പുസ്തക പ്രസാധകരുടെ കച്ചവട തന്ത്രം?വിഡ്ഢികളായത് മാധ്യമലോകം

ഏറ്റവും വലിയ മനുഷ്യസ്‌നേഹിയായി അറിയപ്പെടുന്ന മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍കലാമിന്റെ ആത്മീയ ഗുരുവിന്റെ ആശ്രമത്തെ ‘ബലിയാടാക്കി’ പുസ്തക പ്രസാധകരുടെ കച്ചവട തന്ത്രം?

അബ്ദുള്‍ കലാമിന്റെ ആത്മീയ ഗുരുവായ പ്രമുഖ് സ്വാമിജിയെക്കുറിച്ചും സംവാദങ്ങളെക്കുറിച്ചുമുള്ള പുസ്തകത്തിന്റെ മലയാള പരിഭാഷയായ ‘കാലാതീത’ ത്തിന്റെ പ്രകാശന ചടങ്ങാണ് പ്രബുദ്ധരായ സാംസ്‌കാരിക കേരളം വിവാദമാക്കിയത്.

പുരോഗമന – മതേതര മൂല്യങ്ങളില്‍ എന്നും അടിയുറച്ച് നിന്ന അബ്ദുള്‍കലാം തന്റെ ആത്മീയ ഗുരുവായി ഒരു സ്ത്രീ വിരുദ്ധ നിലപാടുള്ള വ്യക്തിയേയോ മഠത്തേയോ ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കുമെന്ന് കരുതാന്‍ വയ്യ.

തന്റെ ഗുരുവിനുള്ള ഉപഹാരമായി കലാം പകര്‍ത്തിയ അനുഭവങ്ങളുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങിയിട്ട് നിരവധി മാസങ്ങള്‍ കഴിഞ്ഞു.
ഇന്നുവരെ തന്റെ ആത്മീയ ഗുരുവിനെയും ആശ്രമത്തെയും സന്യാസിമാരേയും അവരുടെ ജീവിത രീതിയേയും പ്രവര്‍ത്തികളെയും പുകഴ്ത്തിയതിന് കലാമിനെ ആരും വിമര്‍ശിച്ചിട്ടുമില്ല.

ഒന്നരമാസം എടുത്ത് 300 പേജോളം വരുന്ന ഈ പുസ്തകം മലയാളത്തിലേക്ക് പകര്‍ത്തിയ പരിഭാഷക ശ്രീദേവി കര്‍ത്തക്കും കഴിഞ്ഞ ദിവസംവരെ ഈ ആശ്രമത്തേക്കുറിച്ച് നല്ലത് മാത്രമെ പറയാനുണ്ടായിരുന്നുള്ളു എന്നതും ഓര്‍ക്കണം.

പുസ്തക രചന പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോള്‍ കലാമിന്റെ ഹൃദയം കവര്‍ന്ന 90 വയസുള്ള ആ സന്യാസി വര്യനേയും മഠത്തേയും കാണാന്‍ താന്‍ ആഗ്രഹിച്ചതായി ശ്രീദേവി തന്നെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്.

പിന്നെ എപ്പോഴാണ് ശ്രീദേവിക്ക് ആശ്രമവും സന്യാസിമാരും സ്ത്രീവിരുദ്ധരും ഫാസിസ്റ്റുകളും ഭരണഘടനാ വിരുദ്ധരുമൊക്കെയായത് ?

ലോകം ബഹുമാനിക്കുന്ന അബ്ദുള്‍ കലാമിനെ പോലെയുള്ള പ്രമുഖര്‍ ആദരിച്ച സന്യാസി സമൂഹത്തെ ഒന്നടങ്കം അപമാനിക്കുകയാണ് ഇപ്പോഴത്ത വിവാദത്തിലൂടെ പുസ്തക പ്രസാധകരും വിവര്‍ത്തകയും ചെയ്തത്.

സ്ത്രീകള്‍ പരിപാടിയിലുണ്ടെങ്കില്‍ തങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് മഠത്തെ പ്രതിനിധീകരിച്ചെത്തിയ സ്വാമി ബ്രഹ്മവിഹാരി ദാസ് സ്വാമി ശ്രീദേവിയോട് പറഞ്ഞോ?

കറന്റ് ബുക്‌സ് പ്രതിനിധി ജോണിയാണ് ഇക്കാര്യം പറഞ്ഞതെങ്കില്‍ അത് അപ്പാടെ വിശ്വസിക്കാന്‍ പുസ്തക വിവര്‍ത്തനം വഴി മഠത്തിന്റെ മനം തൊട്ടറിഞ്ഞ ശ്രീദേവിക്ക് എങ്ങനെ കഴിഞ്ഞു?

ഇനി ആശ്രമത്തിലെ സ്വാമിമാര്‍ സ്ത്രീവിരുദ്ധരും ഫാസിസ്റ്റുകളുമാണെന്ന് താങ്കള്‍ക്ക്‌ അറിയാമായിരുന്നെങ്കില്‍ എന്തിനാണ് ഈ പുസ്തകം വിവര്‍ത്തനം ചെയ്ത് മലയാളിക്ക് പരിചയപ്പെടുത്തിയത്?

പുസ്തകം എഴുതുമ്പോള്‍ മഠത്തോടും സന്യാസികളോടും തോന്നിയ ആദരവും ആരാധനയും കേവലം കറന്റ് ബുക്‌സ് പ്രതിനിധിയുടെ ഒരു വാക്കില്‍ തട്ടിത്തെറിക്കുകയായിരുന്നു എന്ന് കരുതാന്‍ വയ്യ.

പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കേണ്ടെന്ന് നാല് ദിവസം മുന്‍പ് കറന്റ് ബുക്‌സ് അധികൃതര്‍ അറിയിച്ചിരുന്നുവെന്നാണല്ലോ ഇരു വിഭാഗവും പറയുന്നത്.

അങ്ങനെയായിരുന്നുവെങ്കില്‍ എന്തിനാണ് പ്രകാശന ചടങ്ങിന് തലേദിവസം വൈകീട്ട് മാത്രം പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്?

വിവര്‍ത്തകയ്ക്ക് പ്രാതിനിധ്യം നല്‍കേണ്ട പരിപാടിയില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വമാണ് ഒഴിവാക്കപ്പെട്ടതെങ്കില്‍ വിവരമറിഞ്ഞ ഉടനെ തന്നെ താങ്കള്‍ക്ക് പ്രതികരിക്കാമായിരുന്നു.

സ്വാമിയുടെ സ്ത്രീ വിരോധമാണ് വിലക്കിന് കാരണമെങ്കില്‍, പരിപാടിയുടെ അവതാരകയായി ഇന്ദുലേഖയെ എന്തിന് ക്ഷണിച്ചു? ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റിടുന്നതിന് മുന്‍പ് താങ്കള്‍ എന്തുകൊണ്ട് ഓര്‍ത്തില്ല.

വിവാദങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുന്ന മലയാളികളെയും മാധ്യമങ്ങളെയും വിഡ്ഢികളാക്കി നടത്തിയ കച്ചവട തന്ത്രമായിരുന്നു ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറ്റംപറയാനാകില്ല.

നൂറ്കണക്കിന് സന്യാസികളും സന്യാസിനികളുമുള്ള സന്‍സ്ഥ എന്ന ആത്മീയ പ്രസ്ഥാനത്തിന്റെ മഠങ്ങളില്‍ അവരുടേതായ വിശ്വാസങ്ങളും ചിട്ടവട്ടങ്ങളുമുണ്ട്. മറ്റേത് മതവിശ്വാസികള്‍ക്കുമുള്ളത് പോലെ അത് ജനാധിപത്യ രാജ്യത്ത് അവരുടേയും അവകാശമാണ്.

കറന്റ് ബുക്‌സിന്റെ പ്രകാശന ചടങ്ങിന് വരാമെന്ന് പറഞ്ഞ് ഇങ്ങോട്ട് വന്ന് കാലുപിടിച്ചവരല്ലല്ലോ മഠത്തിലെ സന്യാസിമാര്‍?

സ്ത്രീകളുള്ള ഒരു ആശ്രമത്തില്‍ നിന്ന് വരുന്ന ബ്രഹ്മവിഹാരി ദാസ് സ്വാമി തൃശൂരിലെ വേദിയില്‍ സ്ത്രീകളെ കാണാന്‍ പാടില്ലെന്ന് കല്‍പ്പിച്ചതായി ആരെങ്കിലും പറഞ്ഞാല്‍ അത് ഏത് ‘ദേവേന്ദ്ര’നായാലും വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് പ്രയാസമാണ്.

ഇവിടെയാണ് സാമൂഹിക പ്രവര്‍ത്തകനായ രാഹൂല്‍ ഈശ്വറിന്റെ വാദവും പ്രസക്തമാകുന്നത്. റിപ്പോര്‍ട്ടര്‍ ടി.വിയിലെ ചര്‍ച്ചയില്‍ എയര്‍ ഹോസ്റ്റസുള്ള വിമാനത്തില്‍ എങ്ങനെ സ്വാമിജി സഞ്ചരിച്ചുവെന്ന രാഹുലിന്റെ ചോദ്യം നികേഷ്‌കുമാറിനെപോലും ഒരു നിമിഷം ചിന്തിപ്പിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണ്.

മാത്രമല്ല നിത്യേന സ്ത്രീകള്‍ അടക്കമുള്ള ആയിരക്കണക്കിന് തീര്‍ത്ഥാടകരെത്തുന്ന യമുനാ തീരത്തുള്ള അക്ഷര്‍ധാം ക്ഷേത്രം ഈ സ്വാമിജിയുടെ മഠത്തിന് കീഴിലുള്ളതാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണിത്.

സ്വാമിജി എത്തുന്ന വേദിയില്‍ സ്ത്രീകള്‍ പാടില്ലെന്ന് കറന്റ് ബുക്‌സ് പ്രതിനിധി തന്നെ അറിയിച്ചെന്നാണ് ഫേസ്ബുക്കില്‍ വിവാദത്തിന് തിരികൊളുത്തി ശ്രീദേവി ആരോപിച്ചത്.

എന്നാല്‍ പത്രസമ്മേളനത്തില്‍ മാത്രം പങ്കെടുത്താല്‍ മതി ചെറിയ പരിപാടി ആയതിനാല്‍ വരേണ്ടതില്ലെന്ന് മാത്രമാണ് അറിയിച്ചതെന്നാണ് കറന്റ്ബുക്‌സ് പ്രതിനിധി കെ.ജെ ജോണിയുടെ വാദം.

പരസ്പര വിരുദ്ധമായ ഈ അഭിപ്രായ പ്രകടനത്തിലുമുണ്ട് ദുരൂഹത. ഇതില്‍ യാഥാര്‍ത്ഥ്യം കണ്ടെത്തേണ്ടത് മാധ്യമങ്ങളായിരുന്നു.എന്നാല്‍ അവര്‍ ആ കടമ നിര്‍വഹിച്ചില്ല.

മലയാളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങള്‍ക്കും ഡല്‍ഹിയിലും മുംബൈയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമെല്ലാം ബ്യൂറോകള്‍ ഉണ്ടായിട്ടും ആശ്രമത്തിലെ പ്രതിനിധിയെ വിളിച്ച് കാര്യം തിരക്കാന്‍ ആരും തയ്യാറായില്ല.

മഹാരാഷ്ട്രയില്‍ നിന്ന് വിമാനം വഴി കോയമ്പത്തൂരിലെത്തി അവിടെ നിന്ന് തൃശൂരിലേക്കുള്ള യാത്രാമധ്യേ പാലക്കാട് വച്ചുതന്നെ മടങ്ങി പേകേണ്ടി വന്ന ഈ ‘വിവാദ’ സ്വാമിയെയും ചാനല്‍ ക്യാമറകള്‍ കണ്ടില്ല.

‘കാള പെറ്റെന്ന് കേട്ട മാത്രയില്‍ കയറെടുത്തപോലെ’, ശ്രീദേവി കര്‍ത്തയുടെ ഫെയ്‌സ്ബുക്ക് പ്രതികരണം വൈറലാക്കിയ സേഷ്യല്‍ മീഡിയകളുടെ പിന്നാലെ മാധ്യമങ്ങളും പ്രതിഷേധക്കാരും കൂടിയതോടെ തെറ്റിധരിക്കപ്പെട്ടത് കേരളീയ സമൂഹമാണ്.

ഈ വിവാദത്തില്‍ ആത്യന്തികമായി നേട്ടമുണ്ടാകുന്നതാവട്ടെ പുസ്തക പ്രസാധകര്‍ക്കും വിവര്‍ത്തകക്കും മാത്രമാണ്. പുസ്തക കച്ചവട മേഖലയില്‍ ‘ചാകര’ ഉണ്ടാകുന്നതില്‍ വിവാദങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ഇപ്പോഴത്തെ ഈ ഒറ്റ വിവാദം കൊണ്ട് കോടികളുടെ നേട്ടമാണ് പുസ്തക പ്രസാധകര്‍ക്കും വിവര്‍ത്തകക്കും ഉണ്ടാകാന്‍ പോകുന്നത്. അതും ഒരു രൂപ പോലും പബ്ലിസിറ്റിക്കായി ചെലവഴിക്കാതെ.

ഇനി പറയൂ ആരാണ് വിഡ്ഢികളായത്…?

Team Expresskerala

Top